മസ്കത്ത്: ദേശീയദിനത്തിൽ റോയൽ ഗാർഡ് ഒാഫ് ഒമാൻ കമാൻഡ് മൈതാനത്ത് നടന്ന ചടങ്ങിൽ നടന്ന സൈനിക പരേഡിൽ സുൽത്താൻ ഖാബൂസ് ബിൻ സഈദ് സല്യൂട്ട് സ്വീകരിച്ചു. റോയൽ ആർമി ഒാഫ് ഒമാൻ, റോയൽ നേവി, റോയൽ എയർഫോഴ്സ്, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താൻ സ്പെഷൽ ഫോഴ്സ്, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫെയേഴ്സ് യൂനിറ്റുകൾ സൈനിക പരേഡിൽ പെങ്കടുത്തു. റോയൽ ഓഫിസ് മന്ത്രി സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സഈദ് ബിൻ ഹരീബ് അൽ ബുസൈദി, സുൽത്താൻ സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് അഹ്മദ് ബിൻ ഹാരിസ് അൽ നബാനി, സുൽത്താൻ സ്പെഷൽ ഫോഴ്സ് കമാൻഡർ ആമിർ ബിൻ സാലിം അൽ ഹംറി എന്നിവർ സുൽത്താൻ ഖാബൂസിനെ പരേഡ് മൈതാനത്ത് സ്വീകരിച്ചു. സൈനിക വിഭാഗം സല്യൂട്ട് നൽകിയും സൈനിക ബാൻഡ് സംഘം ദേശീയഗാനം ആലപിച്ചുമാണ് സുൽത്താനെ ആനയിച്ചത്. സുൽത്താന് ആദരവ് അറിയിച്ച് 21 ആചാരവെടികളും മുഴക്കി.
വിവിധ സൈനിക വിഭാഗങ്ങളുടെ മ്യൂസിക്കൽ പരേഡും നടന്നു. പിന്നീട് സൈനിക വിഭാഗങ്ങൾ റോയൽ ഡയസിന് മുന്നിലൂടെ കടന്നുപോയി സൈനിക സുപ്രീം കമാൻഡർ കൂടിയായ സുൽത്താൻ ഖാബൂസ് ബിൻ സഈദിന് സല്യൂട്ട് നൽകി. ഒമാെൻറ പൗരാണികവും നവീനവുമായ സംഗീതങ്ങൾ കോർത്തിണക്കി സൈനിക ബാൻഡ് സംഗീത വിരുന്നും ഒരുക്കി. സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ, ശൂറ കൗൺസിൽ ചെയർമാൻ, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, രാജകുടുംബാംഗങ്ങൾ, സുൽത്താൻ സായുധ സേന, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താൻ സ്പെഷൽ ഫോഴ്സ്, റോയൽ ഒമാൻ പൊലീസ്, മറ്റു മിലിട്ടറി, സുരക്ഷാ വിഭാഗങ്ങൾ എന്നിവയുടെ തലവന്മാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ശൂറ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, ഗവർണർമാർ, ജഡ്ജിമാർ, വിദേശ രാജ്യങ്ങളിലെ ഒമാൻ അംബാസഡർമാർ, ഒമാനിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയ തലവന്മാർ എന്നിവർ ചടങ്ങിനെത്തിയിരുന്നു. സൈനിക അറ്റാഷെമാർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, ശൈഖുമാർ, ഉന്നത വ്യക്തിത്വങ്ങൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.