മദീനത്തുൽ ഇർഫാൻ സ്മാർട്ട് സിറ്റിക്ക് ശിലയിട്ടു
text_fieldsമസ്കത്ത്: തലസ്ഥാന ഗവർണറേറ്റിലെ സുപ്രധാന പദ്ധതികളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന മദീനത്തുൽ ഇർഫാൻ സ്മാർട്ട് സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം നടന്നു. ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയാണ് ശിലാസ്ഥാപനം നിർവഹിച്ചത്. ഒമാൻ ടൂറിസം ഡെവലപ്മെൻറ് കമ്പനി (ഒംറാനും) മാജിദ് അൽ ഫുതൈം ഗ്രൂപ്പും സംയുക്തമായാണ് പദ്ധതി വികസിപ്പിച്ചെടുക്കുന്നത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ സ്ഥിതിചെയ്യുന്ന മദീനത്തുൽ ഇർഫാെൻറ പടിഞ്ഞാറ് ഭാഗമാണ് സംയുക്ത സംരംഭത്തിലൂടെ പുതിയ നഗരമായി വികസിപ്പിച്ചെടുക്കുക.
അഞ്ചു ശതകോടി റിയാൽ ചെലവഴിച്ച് 20 വർഷം കൊണ്ടാണ് പദ്ധതി പൂർണമായി വികസിപ്പിച്ചെടുക്കുക. അഞ്ചു ദശലക്ഷം സ്ക്വയർ മീറ്റർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പദ്ധതിയിൽ 11,000 ഹൗസിങ് യൂനിറ്റുകൾ ഉണ്ടാകും. 30,000 തൊഴിലവസരങ്ങളും ലഭിക്കും. ഒമാനിലെ ഏറ്റവും വലിയ നഗര വികസന പദ്ധതിയായ മദീനത്തുൽ ഇർഫാൻ ഒമാൻ വിഷൻ 2040െൻറ ഭാഗമായുള്ള സുപ്രധാന പദ്ധതികളിൽ ഒന്നാണ്. താമസകേന്ദ്രങ്ങൾക്ക് പുറമെ, ബിസിനസ് സംരംഭങ്ങളും ഇവിടെയുണ്ടാകും. സന്ദർശകരുടെ പ്രിയകേന്ദ്രമാകും വിധമാകും നഗരവികസനം ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം 2023ൽ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
