മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലുള്ള തമിഴ്നാട് സ്വദേശി നാടണയാൻ സുമനസ്സുകളുടെ സഹായം തേടുന്നു. കന്യാകുമാരി മാർത്താണ്ഡം സ്വദേശി തങ്കദുരൈയാണ് റൂവി ആശുപത്രിയിൽ ചികിത്സയിലുള്ളത്. ആശുപത്രി ബിൽ അടക്കുന്നതിനൊപ്പം തിരിച്ചറിയൽ കാർഡ് അടക്കം രേഖകൾ കൂടി ശരിയാക്കിവേണം തുടർചികിത്സക്ക് ഇദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ.
പത്തു വർഷത്തിലധികമായി പ്രവാസജീവിതം നയിക്കുന്ന തങ്കദുരൈ നിരവധി കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. മൂന്നുവർഷം മുമ്പ് ഹെയിലിലെ നിർമാണ കമ്പനിയിലെ ജോലിക്കായാണ് അവസാനം എത്തിയത്. ഫോർമാനുമായുണ്ടായ പ്രശ്നങ്ങൾ മൂലം കമ്പനി വിട്ട് പുറത്ത് ജോലിക്ക് പോയി. തിരിച്ചറിയൽ കാർഡ് അടിച്ചിട്ടുണ്ടായിരുന്നില്ല. ഒരു വർഷമായി രേഖകളില്ലാതെ ജോലി ചെയ്യുന്ന ഇദ്ദേഹം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുതവണ പാകിസ്താനി ഡോക്ടറുടെ ചികിത്സ തേടിയിരുന്നു.
കഴിഞ്ഞമാസം 18ന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റൂവി ബദർ അൽ സമയിൽ ചികിത്സ തേടുകയായിരുന്നു. നാട്ടിൽ പോയി ആൻജിയോഗ്രാം ചെയ്യണമെങ്കിൽ 1500 റിയാൽ ബില്ലടക്കണം. ഒാരോ ദിവസവും ബിൽ തുക വർധിക്കുമെന്നതും തങ്കദുരൈയെ ആശങ്കയിൽ ആഴ്ത്തുന്നു. കൂട്ടുകാരോ സ്വന്തക്കാരോ ആയി ആരുമില്ല. ദെത്തടുത്ത് വളർത്തുന്ന ഒരു പെൺകുട്ടിയടക്കം രണ്ടുകുട്ടികളാണ് ഉള്ളത്. വേറെ കാര്യമായ സമ്പാദ്യങ്ങൾ ഒന്നുമില്ല. തങ്കദുരൈയെ നാട്ടിൽ അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മലയാളി സാമൂഹിക പ്രവർത്തകർ തുടക്കം കുറിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 99540621.