സർക്കാർ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം ലക്ഷ്യത്തിലേക്ക്
text_fieldsമസ്കത്ത്: സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണത്തിൽ വൻകുതിപ്പ്. 70 ശതമാനത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും 99 ശതമാനത്തിലധികം സ്വദേശിവത്കരണം പൂർത്തിയായതായി സിവിൽ സർവിസ് മന്ത്രാലയത്തിെൻറ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. അഞ്ചുവർഷം മുമ്പ് 44 ശതമാനമായിരുന്ന സ്ഥാനത്താണിത്. മന്ത്രാലയങ്ങളും പൊതുഅതോറിറ്റികളും കൗൺസിലുകളുമായി 39 സർക്കാർ ഏജൻസികളാണ് നിലവിൽ ഒമാനിൽ ഉള്ളത്. 2012ൽ 15 സർക്കാർ ഏജൻസികളാണ് 99 ശതമാനത്തിലധികം സ്വദേശിവത്കരണം നടപ്പാക്കിയത്.
2017ൽ ഇത് 28 ആയി ഉയർന്നു. ഇക്കാലയളവിൽ അഞ്ച് പുതിയ സർക്കാർ സംവിധാനങ്ങൾ കൂടി സ്ഥാപിച്ചു. ടൂറിസം മന്ത്രാലയം, നാഷനൽ മ്യൂസിയം, ദേശീയ സ്ഥിതി വിവര കേന്ദ്രം, സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ്, എസ്.എം.ഇ വികസന പൊതു അതോറിറ്റി, ഗവർണറേറ്റ് ഒാഫ് മസ്കത്ത് തുടങ്ങിയ 11 സർക്കാർ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം പൂർണമായിട്ടുണ്ട്. ഹൈ ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, അൽ റഫദ് ഫണ്ട്, പബ്ലിക് അതോറിറ്റി ഫോർ മൈനിങ്, ദി കൗൺസിൽ ഒാഫ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഫോർ ദി ജുഡീഷ്യറി, ഹൈ കമ്മിറ്റി ഫോർ നാഷനൽ ഡേ എന്നിവയാണ് സ്വദേശിവത്കരണം പൂർണമായ മറ്റു സ്ഥാപനങ്ങൾ. 16 സസർക്കാർ സ്ഥാപനങ്ങളിൽ അഞ്ചിൽ താഴെ വിദേശികൾ മാത്രമാണ് ഉള്ളത്.
ആരോഗ്യവകുപ്പിലാണ് ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികൾ ഉള്ളത്, 30.7 ശതമാനം. മാനവ വിഭവ ശേഷി മന്ത്രാലയത്തിൽ 13.9 ശതമാനവും വിദ്യാഭ്യാസ മന്ത്രാലയത്തിൽ 11.7 ശതമാനവും വിദേശ തൊഴിലാളികളുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ അറിവും പരിചയവും വേണ്ട തസ്തികകളിലേക്കാണ് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതെന്നും സിവിൽ സർവിസ് മന്ത്രാലയം അറിയിച്ചു. 30നും 40നും മധ്യേ പ്രായമുള്ളവരാണ് സർക്കാർ-പൊതുമേഖലാ ഏജൻസികളിലെ വിദേശി തൊഴിലാളികൾ. സെപ്റ്റംബർ അവസാനം വരെയുള്ള കണക്കനുസരിച്ച് 58,303 വിദേശ തൊഴിലാളികളാണ് സർക്കാർ-പൊതുമേഖലാ വിഭാഗത്തിൽ ജോലി ചെയ്യുന്നതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് വിദേശികളുടെ റിക്രൂട്ട്മെൻറിൽ 2.1 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. നിലവിൽ ജോലിയെടുക്കുന്നവരിൽ 37,688 പേർ പുരുഷന്മാരാണ്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇത് 59191 ആയിരുന്നതായും കണക്കുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
