ഒമാൻ ദേശീയ ദിനാഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങി
text_fieldsമസ്കത്ത്: സുൽത്താനേറ്റ് ഒാഫ് ഒമാെൻറ 48ാമത് ദേശീയ ദിനാഘോഷത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ദേശീയ ദിനാഘോഷങ്ങൾക്കായി രൂപവത്കരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. പ്രധാന റോഡുകളിൽ ദീപാലങ്കാരങ്ങൾ ഒരുക്കാൻ തുടങ്ങിയിട്ടുണ്ട്. ഒമാെൻറ പരമ്പരാഗത ആഭരണങ്ങൾ, മ്യൂസിക്കൽ നോട്ടുകൾ, പൂക്കൾ എന്നിവയുടെ രൂപത്തിലുള്ള അലങ്കാര വിളക്കുകളാണ് ഇൗ വർഷവും പ്രധാന നഗരങ്ങളിലും തെരുവുകളിലും തെളിയുക. ദേശീയ ദിന അലങ്കരങ്ങൾ ലളിതവും അർഥവത്തായതുമാവണമെന്ന് ദേശീയ ദിനാഘോഷ സുപ്രീം കമ്മറ്റി തീരുമാനമെടുത്തിരുന്നു.
കഴിഞ്ഞ മൂന്ന് വർഷവും നടത്തിയ രീതിയിലുള്ള അലങ്കരങ്ങൾ തന്നെയാണ് ഇൗ വർഷവും നടക്കുക.ഒമാൻ പാരമ്പര്യം വിളിച്ചോതുന്ന ലളിതമായ അലങ്കാരങ്ങളായിരിക്കും ഇൗ വർഷത്തേതെന്ന് ആഘോഷ കമ്മിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. മസ്കത്ത് മുതൽ ഗ്രാൻഡ് മോസ്ക് വരെയാണ് അലങ്കാര വിളക്കുകൾ ഒരുക്കുക. മസ്കത്തിലെ അൽ ബുസ്താൻ റൗണ്ട് എബൗട്ട് മുതൽ ബർക്ക റൗണ്ട് എബൗട്ട് വരെ ഒമാൻ ദേശീയ പതാക നാട്ടും. ദേശീയ ദിനമായ നവംബർ 18ന് അൽ അമിറാത്തിലും അൽ ഖൂദിലും ദോഫാറിലും വെടിക്കെട്ടുകൾ നടക്കും. അരമണിക്കൂർ നേരം ആകാശത്ത് വർണക്കാഴ്ചകൾ ഒരുക്കുന്നതായിരിക്കും വെടിക്കെട്ട്. ദേശീയ ദിനത്തിലുള്ള ഒൗദ്യോഗിക ഒരുക്കങ്ങൾ നേരത്തേ ആരംഭിച്ചിരുന്നു. വിളക്കുകളുടെ രൂപകൽപനയടക്കമുള്ളവയും നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ദീപാലങ്കാരം ഗതാഗത കുരുക്കുണ്ടാക്കരുതെന്നും വാഹനമോടിക്കുന്നവരുടെ കാഴ്ചക്ക് പ്രയാസമുണ്ടാക്കരുതെന്നും പ്രത്യേകം പരിഗണിച്ചിരുന്നു. കഴിഞ്ഞ പത്തു വർഷമായി വൈദ്യുതി ചെലവ് കുറക്കുന്ന വിളക്കുകളാണ് ഉപയോഗിച്ച് വരുന്നത്. മസ്കത്തിെൻറ തെരുവുകളെ വർണ്ണ പ്രഭയിൽ കുളിപ്പിച്ച് നവംബർ 15 മുതലാണ് അലങ്കാര വിളക്കുകൾ മിഴി തുറക്കുക. നവംബർ അവസാനം വരെ അലങ്കാര വിളക്കുകളും കൊടികളും പ്രധാന തെരുവുകളിലുണ്ടാവും. മസ്കത്തിലെ നാല് ഗേറ്റുകളും അലങ്കാരവിളക്കുകളുടെ വർണ്ണ വെളിച്ചത്തിൽ കുളിച്ചിരിക്കും. ഏതായാലും നാടും നഗരവും ദേശീയ ദിനാഘോത്തിനായി ഒരുങ്ങുകയാണ്. സർക്കാർ സ്ഥാപനങ്ങളും പൊതു മേഖലാ സ്ഥാപനങ്ങളും ദീപ പ്രഭയിൽ കുളിക്കുന്ന രാവുകളാണ് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
