മസ്കത്ത്: ഉൾപ്രദേശങ്ങളടക്കം രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലേക്കും ടൂറിസം പദ്ധതികൾ വ്യാപിപ്പിക്കുകയെന്നതാണ് സർക്കാർ നയമെന്ന് ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി മൈത അൽ മഹ്റൂഖി. ദീർഘകാല ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഇത് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുകയാണെന്ന് മസ്കത്തിൽ ജി.സി.സിയിലെ ടൂർ ഒാപേററ്റർമാർ, ഏജൻസികൾ, എയർലൈനുകൾ എന്നിവയുടെ പ്രതിനിധികൾ പെങ്കടുത്ത സമ്മേളനത്തിൽ സംസാരിക്കവേ അണ്ടർ സെക്രട്ടറി പറഞ്ഞു.
എണ്ണ വരുമാനത്തിെൻറ ആശ്രിതത്വം കുറക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ഫ്യൂച്ചർ വിഷൻ 2040ൽ ഉൾപ്പെടുത്തിയാണ് സർക്കാർ ഇൗ പദ്ധതികൾ നടപ്പാക്കിവരുന്നത്. മസ്കത്ത്, മുസന്ദം, ദാഖിലിയ, തെക്കൻ ശർഖിയ ഗവർണറേറ്റുകളാണ് ടൂറിസം പദ്ധതികളുടെ വികസനത്തിന് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്ന ഗവർണറേറ്റുകൾ. മസ്കത്തിന് പുറമെ മറ്റു ഭാഗങ്ങളിൽ വികസനവും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും തൊഴിൽലഭ്യത ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് അൽ മഹ്റൂഖിയ പറഞ്ഞു. മുസന്ദം മേഖലയെ കടലോര വിനോദസഞ്ചാര കേന്ദ്രമായി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. കോട്ടകളും കൊട്ടാരങ്ങളും പരമ്പരാഗത ഗ്രാമങ്ങളുമുള്ള ദാഖിലിയ ഗവർണറേറ്റിനെ പൈതൃക, പ്രകൃതിദത്ത കാഴ്ചകളുടെയും സാഹസിക വിനോദസഞ്ചാരത്തിെൻറയും കേന്ദ്രമാക്കി മാറ്റും.
കല, പൈതൃകം, സാംസ്കാരികം, പരമ്പരാഗത വാസ്തുശൈലി എന്നീ മേഖലകളിൽ ദേശീയ തലത്തിൽ അറിയപ്പെടുന്ന ലക്ഷ്യസ്ഥാനമായിട്ടാകും മസ്കത്തിനെ മാറ്റുക. കോട്ടകൾ, മലമ്പ്രദേശങ്ങളിലെ ഗ്രാമങ്ങൾ, മലയിടുക്കുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പദ്ധതികളാകും തെക്കൻ ശർഖിയയിൽ നടപ്പിലാക്കുക. വാദികളും മരുഭൂജീവിതവും ഉരുനിർമാണവും കടലാമകളുടെ മുട്ടയിടലുമെല്ലാം തെക്കൻ ശർഖിയ മേഖലയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. ദാഖിലിയയിലെ ജബൽ അഖ്ദർ, ജബൽ ശംസ്, സൂർ, മസീറ എന്നിവിടങ്ങളിലെ വികസന പദ്ധതികളിൽ പ്രത്യേകം ശ്രദ്ധയൂന്നും. ദോഫാർ ഗവർണറേറ്റിനെ പ്രത്യേക ടൂറിസം സോണായി മാറ്റിയെടുക്കുന്നതും ആലോചനയിലുണ്ടെന്ന് അണ്ടർ സെക്രട്ടറി കൂട്ടിച്ചേർത്തു.