മൂന്നു പുതിയ വിമാനക്കമ്പനികൾ കൂടി ഒമാനിൽനിന്ന് സർവിസ് ആരംഭിക്കും
text_fieldsമസ്കത്ത്: മൂന്നു പുതിയ വിമാനക്കമ്പനികൾ കൂടി ഒമാനിൽനിന്ന് സർവിസ് ആരംഭിക്കും. ഇതുസംബന്ധിച്ച് ഒമാൻ വിമാനത്താവള മാനേജ്മെൻറ് കമ്പനി ധാരണപ്പത്രം ഒപ്പുവെച്ചു. ഇതിൽ ഒരു വിമാന കമ്പനി സുഹാർ വിമാനത്താവളത്തിൽനിന്നാകും സർവിസ് ആരംഭിക്കുകയെന്ന് വിമാനത്താവള മാനേജ്മെൻറ് കമ്പനി സി.ഇ.ഒ അയ്മൻ ബിൻ അഹമ്മദ് അൽ ഹുസ്നി പറഞ്ഞു.
മസ്കത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം വർധിച്ചുവരുകയാണ്. കൂടുതൽ വിമാനങ്ങളും സർവിസ് നടത്തുന്നുണ്ട്. ഇൗ വർഷം വിമാനത്താവളം വഴി കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 16 ദശലക്ഷം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സലാല വിമാനത്താവളം വഴി 1.6 ദശലക്ഷം യാത്രക്കാർ കടന്നുപോകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞവർഷം ആഗോളതലത്തിൽ മസ്കത്ത് വിമാനത്താവളത്തിന് 74ാം റാങ്കായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇൗ വർഷം പുതിയ വിമാനത്താവള ടെർമിനൽ ഉദ്ഘാടനം ചെയ്തതോടെ അമ്പത് സ്ഥാനങ്ങൾ മുകളിലെത്തി.
ഇപ്പോൾ ആഗോള തലത്തിൽ 24ാം സ്ഥാനമാണ് ഉള്ളത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 16ന് മസ്കത്തിൽ വന്നിറങ്ങിയതും പുറപ്പെട്ടതുമായ യാത്രക്കാരുടെ എണ്ണം 52,000 ആണ്. ഒമാനിലെ ഏതു വിമാനത്താവളങ്ങളെ അപേക്ഷിച്ച് നോക്കിയാലും ഇത് റെക്കോഡ് ആണ്. വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിലെ കണക്കെടുക്കുേമ്പാൾ മസ്കത്ത് വഴിയുള്ള യാത്രക്കാരുടെ എണ്ണം 11.9 ശതമാനം വർധിച്ച് 8 ദശലക്ഷമായി. കഴിഞ്ഞവർഷം മൊത്തം 13 ദശലക്ഷം യാത്രക്കാരാണ് മസ്കത്തിലൂടെ കടന്നുപോയത്. അതേസമയം, ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം 44.3 ശതമാനം കുറഞ്ഞ് 10956 ആയി. സലാല വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണവും ആദ്യ ഏഴുമാസങ്ങളിൽ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
