ഒമാൻ എണ്ണ വില 90 ഡോളറിൽ; ഇനിയും ഉയർന്നേക്കും
text_fieldsമസ്കത്ത്: ഒമാൻ അസംസ്കൃത എണ്ണ വില ബാരലിന് 90 ഡോളറിന് അടുത്തെത്തി. ദുബൈ മെർക്കൈന്റൽ എക്സ്ചേഞ്ചിൽ മാർച്ചിൽ നൽകേണ്ട അസംസ്കൃത എണ്ണക്ക് 89.08 ഡോളറായിരുന്നു വ്യാഴാഴ്ചത്തെ വില. ഈ വർഷം രണ്ടാം പകുതിയോടെ എണ്ണ വില 100 ഡോളറായി ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2014 ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ ഏതാനും ദിവസമായി വില ദിവസേന ഉയർന്നു വരികയാണ്. ഉൽപാദനം കുറഞ്ഞതടക്കം നിരവധി കാരണങ്ങളാലാണ് വില വർധിക്കുന്നത്. ചില അന്താരാഷ്ട്ര പ്രശ്നങ്ങളും വിലയെ ബാധിക്കുന്നുണ്ട്. നിലവിൽ യുക്രെയ്നിൽ നടക്കുന്ന സംഭവവികാസങ്ങളാണ് അന്താരാഷ്ട്ര മാർക്കറ്റിൽ വില കൂടാൻ പ്രധാന കാരണം. യുക്രെയ്ൻ അതിർത്തിയിൽ റഷ്യൻ സൈന്യം സർവസന്നാഹങ്ങളുമായി തമ്പടിച്ചത് അന്താരാഷ്ട്ര മാർക്കറ്റിൽ ചാഞ്ചാട്ടമുണ്ടാക്കിയിട്ടുണ്ട്.
യുക്രെയ്ൻ അതിർത്തിയിലെ സൈനിക വിന്യാസം സൈനിക എക്സൈസിെൻറ ഭാഗമാണെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും യുക്രെയ്നും ലോക രാജ്യങ്ങളും അത് വിശ്വസിക്കുന്നില്ല. യുദ്ധസാധ്യത മുന്നിൽ കാണുന്ന നിരവധി രാജ്യങ്ങളുമുണ്ട്. ലോകത്തിലെ പ്രധാന എണ്ണ ഉൽപാദന രാജ്യങ്ങളിലൊന്നാണ് യുക്രെയ്ൻ. എണ്ണ ഉൽപാദനത്തിൽ ലോക രാജ്യങ്ങളിൽ 61ാം സ്ഥാനമാണ് യുക്രെയ്നുള്ളത്.
അതിനിടെ പല രാജ്യങ്ങളെയും ഒമിക്രോൺ ബാധിച്ച സാഹചര്യത്തിൽ എണ്ണയുടെ ആവശ്യം ലോക രാജ്യങ്ങളിൽ വർധിച്ചിട്ടുണ്ട്. വൈദ്യുതി അടക്കമുള്ള പല ഊർജ്ജ ആവശ്യങ്ങൾക്കും എണ്ണയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. എണ്ണയുടെ വിതരണം തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്. ലോക രാജ്യങ്ങളിൽ എണ്ണ വില നിയന്ത്രിക്കുന്ന ഒപെക് രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കാൻ തയാറാവാത്തതും വില വർധനക്ക് കാരണമാവുന്നുണ്ട്. അടുത്ത മാസം രണ്ടിന് ഒപെക് അംഗരാജ്യങ്ങൾ യോഗം ചേരുന്നുണ്ട്. യോഗത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കാനുള്ള തീരുമാനത്തിനനുസരിച്ചായിരിക്കും വില കൂടുകയോ കുറയുകയോ ചെയ്യുക.
നിലവിലെ സാഹചര്യത്തിൽ എണ്ണ ഉൽപാദനം വല്ലാതെ വർധിപ്പിക്കാൻ സാധ്യതയില്ല. എണ്ണ വില വർധിക്കാൻ തുടങ്ങിയതോടെ ഓഹരി വിപണിയും ഇടിയാൻ തുടങ്ങി. നിക്ഷേപകർ എണ്ണയിലേക്ക് തിരിഞ്ഞതാണ് ഇതിന് പ്രധാന കാരണം. അതോടെ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളുടെയും കറൻസികളുടെ മൂല്യം ഇടിഞ്ഞു. ഇതേ കാരണങ്ങളാൽ തന്നെ ആഗോള വിപണിയിൽ സ്വർണ വിലയും കുറഞ്ഞിട്ടുണ്ട്. എണ്ണ വില വർധിക്കുന്നത് ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥക്ക് അനുകൂല ഘടകമാവും. എന്നാൽ ഇന്ത്യ അടക്കമുള്ള എണ്ണ ഉപഭോഗ രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ വില വർധന പ്രതികൂലമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

