ഇസ്രായേൽ വിമാനങ്ങൾക്ക് ഒമാനിൽ ഇറങ്ങാൻ അനുമതിയില്ല –സി.എ.എ
text_fieldsമസ്കത്ത്: ഇസ്രായേൽ വിമാനക്കമ്പനികൾക്ക് ഒമാൻ വ്യോമാതിർത്തിയിലൂടെ പറക്കാൻ മാത്രമേ അനുമതിയുള്ളൂവെന്നും ഇറങ്ങാൻ അനുമതി നൽകിയിട്ടില്ലെന്നും ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രസിഡന്റ് നായിഫ് അൽ അബ്രി പറഞ്ഞു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ 2022ലെ നേട്ടങ്ങളും നടപ്പുവർഷത്തെ പദ്ധതികളെ കുറിച്ചും വാർത്തസമ്മേളനത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഞങ്ങളുടെ പ്രസ്താവന വളരെ വ്യക്തമാണ്. ഇസ്രായേൽ എയർലൈനുകൾക്ക് നമ്മുടെ വ്യോമാതിർത്തിയിലൂടെ മാത്രമേ പറക്കാൻ അനുവാദമുള്ളൂ, അന്താരാഷ്ട്ര ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അനുസൃതമായി അടിയന്തര ലാൻഡിങ് സാഹചര്യമില്ലെങ്കിൽ, ഒരുകാരണവശാലും ഒമാനി വിമാനത്താവളങ്ങളിൽ ഇറങ്ങാൻ വിമാനക്കമ്പനികൾക്ക് അനുമതിയില്ല’ -അൽ അബ്രി പറഞ്ഞു. ഒമാന്റെ വ്യോമപാത കൂടുതൽ രാജ്യങ്ങൾക്കായി സിവിൽ ഏവിയേഷൻ അതോറിറ്റി ഫെബ്രുവരിയിലാണ് തുറന്നുകൊടുത്തത്. 1944 നടന്ന ഷിക്കാഗോ കൺവെൻഷനിലെ കരാർവ്യവസ്ഥകൾ പാലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.
കരാറിൽപെട്ട 193 രാജ്യങ്ങളിലെ അന്താരാഷ്ട്രയാത്രകൾക്ക് ഉപയോഗിക്കുന്ന വിമാനങ്ങൾക്ക് വിവേചനം പാടില്ലെന്നാണ് വ്യവസ്ഥ. ഇതനുസരിച്ചാണ് വ്യോമപാത തുറന്നുകൊടുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. വ്യോമപാത തുറന്നുകൊടുത്തത് ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാസമയം കുറക്കുന്നതിന് സഹായകമാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

