ഒമാൻ ദേശീയ ഇ-കൊമേഴ്‌സ് പദ്ധതി 2022-2027 അന്തിമ ഘട്ടത്തിലേക്ക്; 86.7 ശതമാനം ലക്ഷ്യങ്ങളും കൈവരിച്ചു
text_fieldsമസ്കത്ത്: ഡിജിറ്റൽ ബിസിനസ് അന്തരീക്ഷം വികസിപ്പിക്കാൻ ഒമാൻ സുൽത്താനേറ്റ് നടപ്പാക്കുന്ന ‘നാഷണൽ ഇ-കൊമേഴ്‌സ് പ്ലാൻ 2022-2027’ മികച്ച പുരോഗതിയിൽ. കഴിഞ്ഞവർഷം അവസാനത്തോടെ ഈ പദ്ധതിയുടെ 86.7 ശതമാനം ലക്ഷ്യങ്ങളും പൂർത്തിയാക്കി. ആകെയുള്ള 30 പദ്ധതികളിൽ 26 എണ്ണവും ഇതിനകം വിജയകരമായി നടപ്പാക്കിയതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഡിജിറ്റൽ ബിസിനസ് അന്തരീക്ഷം വികസിപ്പിക്കാനും ഇ-കൊമേഴ്‌സിന്റെ വളർച്ചക്കാവശ്യമായ അനുകൂല സാഹചര്യങ്ങൾ ഒരുക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ മത്സരശേഷി വർധിപ്പിക്കാനുമുള്ള വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ. നിയമനിർമാണങ്ങൾ പരിഷ്കരിക്കുക, ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുക, ഇലക്ട്രോണിക് പേയ്‌മെന്റുകളുടെ കാര്യക്ഷമത വർധിപ്പിക്കുക, ലോജിസ്റ്റിക്സ് സേവനങ്ങൾ മെച്ചപ്പെടുത്തുക, ഇ-കൊമേഴ്‌സിനെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നിവയാണ് സംയോജിത ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾ.
ഇത് ഡിജിറ്റൽ പരിവർത്തനത്തെ ഉൾക്കൊള്ളാൻ ബിസിനസ് അന്തരീക്ഷത്തെ കൂടുതൽ സജ്ജമാക്കും. അതോടൊപ്പം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എസ്.എം.ഇകൾ), സംരംഭകർ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ എന്നിവയുടെ വളർച്ചയെ പിന്തുണക്കുകയും ചെയ്യും. കഴിഞ്ഞവർഷം അവസാനത്തോടെ നാല് പ്രധാന പദ്ധതികൾക്കൂടി പൂർത്തിയാക്കി.
ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ കാമ്പയിനുകൾ, ഇലക്ട്രോണിക് പേയ്‌മെന്റ് ഇടപാട് ഫീസുകളുടെ പുനഃപരിശോധനക്കുള്ള അംഗീകാരം, ഇ-കൊമേഴ്‌സ് അവബോധ പരിപാടികൾ നടപ്പാക്കൽ, സ്കൂൾ പാഠ്യപദ്ധതികളിലും കോഴ്സുകളിലും ഇ-കൊമേഴ്‌സ് ആശയങ്ങൾ ഉൾപ്പെടുത്തൽ എന്നിവയായിരുന്നു ഈ പദ്ധതികൾ. ഇതോടെ പൂർത്തിയായ പദ്ധതികളുടെ ആകെ എണ്ണം വർഷാവസാനത്തോടെ 26 ആയി ഉയർന്നു.
499/2023 നമ്പർ മിനിസ്റ്റീരിയൽ തീരുമാനം വഴി പുറപ്പെടുവിച്ച ഇ-കൊമേഴ്‌സ് റെഗുലേഷൻ അനുസരിച്ച്, ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൽ ബിസിനസിൽ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനും മന്ത്രാലയത്തിന് സാധിച്ചത് നേട്ടമാണ്. കൂടാതെ, ദേശീയ ഡിജിറ്റൽ നൈപുണ്യ വികസന പദ്ധതിയായ ‘മകീൻ’, നാഷണൽ അഡ്രസ്സിംഗ് സിസ്റ്റം, ഇലക്ട്രോണിക് -നോ യുവർ കസ്റ്റമർ (ഇ-കെ.വൈ.സി) സംവിധാനം തുടങ്ങിയ തന്ത്രപ്രധാനമായ സാങ്കേതിക പദ്ധതികൾ പൂർത്തിയാക്കുന്നതിലാണ് നിലവിൽ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2024 ഫെബ്രുവരി മുതൽ ഈ വർഷം ആഗസ്റ്റ് ഒന്നു വരെയുള്ള കാലയളവിൽ 19,260 ഇ-കൊമേഴ്‌സ് ലൈസൻസുകൾ ഒമാനിൽ അനുവദിച്ചതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ട്രേഡ് ഡയറക്ടർ ജനറൽ നസ്ര ബിൻത് സുൽത്താൻ അൽ ഹബ്സി പറഞ്ഞു. കൂടാതെ, ‘മഹ്റൂഫ് ഒമാൻ’ പ്ലാറ്റ്‌ഫോമിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഓൺലൈൻ സ്റ്റോറുകളുടെ എണ്ണം 412 ആയി ഉയർന്നു. 2027-ഓടെ ബാക്കി പദ്ധതികൾ കൂടി പൂർത്തിയാക്കി സമ്പൂർണ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥിതി നടപ്പാക്കുകയാണ് ഒമാൻ സുൽത്താനേറ്റിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

