ഒമാന്‍ ദേശീയ ദിനം: വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കാൻ 30 വരെ അനുമതി
text_fieldsമസ്കത്ത്: ഒമാന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങളിൽ സ്റ്റിക്കറുകളും ചിത്രങ്ങളും പതിക്കാൻ ഒന്ന് മുതൽ 30 വരെ അനുമതി നൽകി റോയൽ ഒമാൻ പൊലീസ്. ഇതോടൊപ്പം വാഹനങ്ങൾ അലങ്കരിക്കുന്നതിന് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും അധികൃതർ വ്യക്തമാക്കി.
ദേശീയ ദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും സന്ദേശങ്ങളും മാത്രമേ വാഹനങ്ങളിൽ പതിക്കാവൂ. വാഹനങ്ങളുടെ മുൻവശത്തെയും വശങ്ങളിലെയും ഗ്ലാസുകളിൽ സ്റ്റിക്കറുകൾ പതിക്കാൻ പാടില്ല. പിൻവശത്തെ ഗ്ലാസിൽ കാഴ്ച മറയ്ക്കാത്ത വിധത്തിൽ ചിത്രങ്ങൾ പതിക്കാം.വാഹനങ്ങളിൽ തുണികൾ കെട്ടുന്നതിനും ബോണറ്റിൽ തുണികൾ സ്ഥാപിക്കുന്നതിനും വിലക്കുണ്ട്. വാഹനത്തിന്റെ നിറത്തിലും രൂപത്തിലും മാറ്റം വരുത്തുന്ന അലങ്കാരങ്ങളും അനുവദിക്കില്ല. ഗതാഗത സുരക്ഷക്ക് തടസ്സമാകുന്ന രീതിയിൽ വാഹനങ്ങൾ അലങ്കരിക്കരുതെന്നും ആർ.ഒ.പി നിർദേശിച്ചു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുമ്പോൾ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

