ദേശീയ ദിനം; ആഘോഷത്തിലലിഞ്ഞ് പരമ്പരാഗത ചടങ്ങുകൾ
text_fieldsശീയദിനത്തിന്റെ ഭാഗമായി ബഹ്ല വിലായത്തിലെ സെയ്ഹ് അൽ ശംഖാത്ത് മൈതാനിയിൽ നടന്ന കുതിയോട്ട മത്സരത്തിൽനിന്ന്
മസ്കത്ത്: ദേശീയദിനത്തിന്റെ ഭാഗമായി ഒമാനിലെ വിവിധ വിലായത്തുകളിൽ ആഘോഷങ്ങൾ തുടരുന്നു. പരമ്പരാഗത ചടങ്ങുകൾ വിവിധയിടങ്ങളിൽ സംഘടിപ്പിക്കപ്പെട്ടു. ഒമാനിസംഗീതമാലപിച്ചും വാദ്യങ്ങളുമായും ആളുകൾ ആഘോഷത്തിൽ അണിചേർന്നു. വിവിധ വിലായത്തുകളിൽ കുതിരോത്സവങ്ങളും ഒട്ടകങ്ങളെ അണിനിരത്തിയുള്ള മത്സരങ്ങളുമടക്കം അരങ്ങേറി. ബഹ്ല വിലായത്തിലെ സെയ്ഹ് അൽ ശംഖാത്ത് കുതിരയോട്ട മൈതാനിയിലാണ് കുതിരോത്സവം അരങ്ങേറിയത്.
ബഹ്ല കുതിരസവാരി അസോസിയേഷൻ സംഘടിപ്പിച്ച ആഘോഷ പരിപാടി രാജ്യത്തിന്റെ പൈതൃകവുമായി ചേർന്നുനിൽക്കുന്നതായി. മത്സരം കാണികളിൽ ആവേശം പകർന്നു. ഏഴ് പ്രധാന ഇനങ്ങളിലായി 170ഓളം സവാരിക്കാർ മത്സരങ്ങളിൽ പങ്കെടുത്തു. അറേബ്യൻ കുതിരകൾക്കായി 800 മീറ്റർ ദൂരം ഉൾക്കൊള്ളുന്ന എലൈറ്റ് റേസ് ഉത്സവത്തിലെ പ്രധാന ആകർഷണമായിരുന്നു. വിജയികൾക്ക് പരമ്പരാഗത അറേബ്യൻ വാളാണ് സമ്മാനമായി നൽകിയത്. മത്സരങ്ങൾക്കുപുറമെ കുതിര-ഒട്ടക പ്രകടനങ്ങൾ, ടെൻറ് പെഗിങ്, അമ്പെയ്ത്ത്, പാരാഗ്ലൈഡിങ്, നാടോടിപ്പാട്ട്, കലാരൂപങ്ങൾ എന്നിവയും ഉത്സവത്തിൽ നിറഞ്ഞുനിന്നു. കൂടാതെ പരമ്പരാഗത കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കപ്പെട്ടു. ബഹ്ല വിലായത്തിലെ ചടങ്ങിൽ അൽ ദാഖിലിയ ഗവർണർ ഹിലാൽ ബിൻ സഈദ് അൽ ഹജ്രി അധ്യക്ഷത വഹിച്ചു.
‘കുതിരസവാരിയും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും ദേശീയതയുടെ അവിഭാജ്യഘടകമാണെന്നും പുതുതലമുറയിൽ കഴിവുകൾ വളർത്തുന്നതിനും പൈതൃക-സ്പോർട്സ് സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും ഉത്സവം വലിയ പങ്കുവഹിക്കുന്നതായും ബഹ്ല കുതിരസവാരി അസോസിയേഷൻ ചെയർമാൻ അബ്ദുല്ല ബിൻ സഈദ് അൽ മാഅനി പറഞ്ഞു. വ്യാപകമായ പൊതുജനപങ്കാളിത്തം ഉത്സവത്തിന്റെ വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ കായികം, പൈതൃകം, കല, കരകൗശലം എന്നിവയെ ഒരുമിപ്പിക്കുന്ന സമഗ്ര വേദിയായി ഉത്സവത്തെ വികസിപ്പിക്കാൻ അസോസിയേഷൻ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

