ദേശീയദിനം: വ്യാപാര മേഖലയിൽ അനക്കമില്ല
text_fieldsമിഴിതുറന്നു...ദേശീയദിനത്തിെൻറ ഭാഗമായി മസ്കത്തിൽ സ്ഥാപിച്ച അലങ്കാരവിളക്കുകൾ ബുധനാഴ്ച സന്ധ്യമുതൽ മിഴിതുറന്നപ്പോൾ
മസ്കത്ത്: ഒമാെൻറ 50ാം ദേശീയദിനത്തിെൻറ അലങ്കാരവിളക്കുകൾ തെളിഞ്ഞെങ്കിലും വ്യാപാര മേഖലയിൽ അനക്കമില്ലാത്തതിെൻറ പ്രയാസത്തിലാണ് വ്യാപാരികൾ. സാധാരണ നവംബറിൽ ദേശീയദിന അലങ്കാര വസ്തു വ്യാപാരം പൊടി പൊടിക്കാറുണ്ടായിരുന്നു. ഒമാെൻറ കൊടികൾക്കും ഒമാനി ചിഹ്നങ്ങൾ ആലേഖനം ചെയ്ത ഉൽപന്നങ്ങൾക്കും ഏറെ ആവശ്യക്കാർ ഉണ്ടാകുമായിരുന്നു. വാഹനാലങ്കാരങ്ങളും കൊടി തോരണങ്ങൾ തൂക്കലുമൊക്കെയായി ഒമാൻ ആഘോഷ തിമിർപ്പിലാകുന്ന സമയമാണിത്. എന്നാൽ, ഇൗ വർഷം ഇത്തരം ആഘോഷങ്ങളില്ലാത്തത് ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വ്യാപാരികളെയാണ്. സാധാരണ ഇത്തരം വ്യാപാരികൾക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള സീസണും ദേശീയദിന സീസണാണ്.
സാധാരണ ദേശീയദിന ഭാഗമായി സ്വദേശികൾ വാഹനാലങ്കാരങ്ങൾ നടത്താറുണ്ടായിരുന്നു. അതിനു നല്ല തുക ചെലവിടുമായിരുന്നു. വാഹനാലങ്കാര ജോലികൾ ചെയ്യുന്ന കടകളിൽ വൻതിരക്കും അനുഭവപ്പെടുമായിരുന്നു. 50 വാർഷികമായതിനാൽ മികച്ച അലങ്കാരങ്ങളാണ് വ്യാപാരികൾ പ്രതീക്ഷിച്ചത്. എന്നാൽ, ഇൗ വർഷം േപരിനുപോലും അലങ്കാര ജോലികൾ നടന്നിട്ടില്ലെന്നും ഒരു വാഹനം പോലും അലങ്കരിച്ചത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ഇൗ മേഖലയിൽ വ്യാപാരിയായ വടകര സ്വദേശി പറഞ്ഞു. ഇൗ വർഷവും വാഹന അലങ്കാരത്തിന് നിരവധി ഡിസൈനുകൾ വന്നിരുന്നു. നൂറുകണക്കിന് ഡിസൈനുകൾ തയാറായിട്ടുണ്ടെങ്കിലും ആരും ഒാർഡർ നൽകിയിട്ടില്ലെന്ന് അേദ്ദഹം പറഞ്ഞു. കോവിഡ് മൂലമുള്ള സാമ്പത്തികമാന്ദ്യവും സുൽത്താൻ ഖാബൂസിെൻറ വേർപാടിെൻറ ദുഃഖം വിട്ടുമാറാത്തതുമാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
50 ദേശീയ ദിന സ്റ്റിക്കറുകൾ പതിച്ച നിരവധി ഉൽപന്നങ്ങൾ മൊത്ത വ്യാപാര കടയിൽ എത്തിയിട്ടുണ്ടെങ്കിലും അവ കെട്ടിക്കിടക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. ചില്ലറ വ്യാപാര കടകളിൽ ഇവയിൽ പലതും വിൽപനക്കുേപാലും എത്തിയിട്ടില്ല. ആവശ്യക്കാർ തീരെ ഇല്ലാത്തതിനാലാണ് ഇവ വിൽപനക്ക് വെക്കാത്തത്. കഴിഞ്ഞ വർഷത്തേതിെൻറ അഞ്ച് ശതമാനം കച്ചവടം പോലും ഇൗ വർഷം നടന്നിട്ടില്ലെന്ന് മത്രയിൽ വ്യാപാരിയായ സക്കീർ പൊന്നാനി പറഞ്ഞു. സുൽത്താെൻറ ഫോേട്ടായും ഒമാെൻറ മുദ്രയുമൊക്കെ പതിച്ചിട്ടുള്ള ടീഷർട്ടുകൾ, ലോഗോകൾ, കൊടികൾ, തോരണങ്ങൾ, രണ്ട് സുൽത്താന്മാരുടെ ചിത്രങ്ങൾ, പേനകൾ, വാച്ചുകൾ, ഷാളുകൾ, കണ്ണടകൾ തുടങ്ങി നിരവധി ഇനങ്ങൾ മൊത്ത വ്യാപാര കടകളിൽ കെട്ടിക്കിടക്കുകയാണ്.
രണ്ടു ദിവസമായി അലങ്കാര വസ്തുക്കളുടെ കച്ചവടത്തിന് ചെറിയ അനക്കമുണ്ട്. ഒാഫിസുകളും മറ്റും അലങ്കരിക്കാനാണ് ആളുകൾ ഇവ വാങ്ങുന്നത്. 50 എന്നെഴുതിയ ഉൽപന്നങ്ങൾ അടുത്ത വർഷം ഉപയോഗിക്കാൻ കഴിയാത്തതിനാൽ വൻ നഷ്ടമാണെന്നും സക്കീർ പറഞ്ഞു. കോവിഡ് മൂലം സ്കൂളുകൾ അടച്ചിട്ടതാണ് പ്രധാന കാരണം. ഇത്തരം ഉൽപന്നങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്നത് സ്വദേശി കുട്ടികളാണ്. കുടുംബങ്ങളും കുട്ടികളും പുറത്തിറങ്ങാൻ മടിക്കുന്നതും കാരണമാണ്. കോവിഡ് മൂലം വ്യാപാരികൾ വൻ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മത്രയിലെ വ്യാപാരികൾ സീസൺ കച്ചവടം വഴിയാണ് വർഷത്തെ മുഴുവൻ കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോവുന്നത്. കോവിഡ് മൂലം ഇൗ വർഷത്തെ നാല് സീസണുകളാണ് നഷ്ടപ്പെട്ടത്. രണ്ട് പെരുന്നാൾ സീസൺ, സ്കൂൾ സീസൺ എന്നിവക്ക് ഒപ്പം ഇപ്പോൾ ദേശീയദിന സീസണും വെള്ളത്തിലായി. ഏതായാലും ഇതു മത്രയിലെ വ്യാപാര മേഖലയിൽ വൻ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.