സുഹൃത്തുക്കളെ വാഹനങ്ങളിൽ കൊണ്ടുപോകാം പിഴ ചുമത്തില്ല -ഗതാഗത മന്ത്രാലയം
text_fieldsമസ്കത്ത്: സാമ്പത്തിക പ്രതിഫലം കൂടാതെ പരിചയക്കാരെയും സുഹൃത്തുക്കളെയും എയർപോർട്ടുകളിലേക്കും മറ്റും വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് പ്രവാസികളിൽനിന്ന് പിഴ ഈടാക്കില്ലെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞദിവസങ്ങളിൽ മസ്കത്തുൾപ്പെടെയുള്ള വിവിധ ഗവർണറേറ്റുകളിൽ അനധികൃത ടാക്സി സർവിസിനെതിരെ ഗതാഗത വകുപ്പ് നടപടി ആരംഭിച്ചിരുന്നു. മലയാളികളടക്കമുള്ള ആളുകൾക്ക് 200 റിയാൽ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിൽ ആശങ്ക പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
ഗതാഗത നിയമത്തിന്റെ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന കാമ്പയിനുകൾ നടക്കുന്നത്. ഉപയോക്താക്കളുടെയും ചരക്കുകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സംരക്ഷിക്കുന്നതിനുമാണിതെന്ന് മന്ത്രാലയം ഓൺലൈനിൽ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എക്സിക്യൂട്ടീവ് ചട്ടങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരിൽനിന്ന് മാത്രമേ പിഴ ഈടാക്കാവൂ എന്ന് പരിശോധനാ സംഘങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സാമ്പത്തിക പ്രതിഫലം കൂടാതെ പരിചയക്കാരെയും സുഹൃത്തുക്കളെയും കൊണ്ടുപോകുന്ന ആളുകളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
ആളുകൾക്ക് അവരുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൊണ്ടുപോകുമ്പോൾ പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ, അവരുടെ പരാതികൾ മന്ത്രാലയത്തിന്റെ ജനറൽ ഓഫിസിലെ ഗതാഗത വകുപ്പിലോ ഗവർണറേറ്റുകളിലെ റോഡ്സ് വകുപ്പിലോ അത് വിതരണം ചെയ്ത തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അവലോകനത്തിനായി സമർപ്പിക്കാം. പരിശോധനാ കാമ്പയിനുകൾ തുടരുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം അനധികൃത ഗതാഗതത്തിനെതിരെ ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രാലയം നടത്തിയ പരിശോധനയിൽ 1440 ലേറെ നിയമലംഘനങ്ങളാണ് പിടികൂടിയിരുന്നത്. അനുമതിയില്ലാതെ ചരക്കുകള്‍ കടത്തിയ 546 കേസുകളാണ് കണ്ടെത്തിയത്. ഇങ്ങനെ പിടികൂടിയ ഡ്രൈവര്‍മാര്‍ക്ക് 300 റിയാല്‍ പിഴയും ചുമത്തിയിരുന്നു. ഒരു കമ്പനിയുടെ വിസയിലല്ലാത്തവർ വാഹനത്തിൽ ഒരുമിച്ചു പോകുമ്പോൾ 200റിയാൽ പിഴ ഈടാക്കിയിരുന്നതായി പലരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തലസ്ഥാനത്തെ പൊതുഗതാഗത സംവിധാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

