ഈ വർഷം അഞ്ച് റോക്കറ്റുകൾ; ആദ്യത്തേത് ഏപ്രിലിൽ
text_fieldsമസ്കത്ത്: ബഹിരാകാശ മേഖലയിൽ ചരിത്രപരമായ കുതിപ്പിനൊരുങ്ങി ഒമാൻ. ഈ വർഷം അഞ്ച് റോക്കറ്റുകൾ വിക്ഷേപിക്കുമെന്ന് ഇത്തലാഖ് സ്പേസ്പോർട്ട് അറിയിച്ചു. ഈ വർഷത്തെ ആദ്യത്തെ റോക്കറ്റ് ‘യൂനിറ്റ് ഒന്ന്’ ഏപ്രിൽ അവസാനത്തോടെ കുതിച്ചുയരും. ജൂണിൽ ദുകം-2, ഒക്ടോബറിൽ ദുകം-3, നവംബറിൽ അംബിഷൻ-3, ഡിസംബറിൽ ദുകം-4 എന്നിവയും വിക്ഷേിപിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ ആദ്യത്തെ പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ ചരിത്രനേട്ടമാണ് സ്പേസ്പോർട്ട് സ്വന്തമാക്കിയത്.
അന്ന് സമുദ്രനിരപ്പിൽനിന്ന് 140 കിലോമീറ്റർ ഉയരത്തിലായിരുന്നു റോക്കറ്റ് പറന്നുയർന്നത്. 2027 ഓടെ പൂർണതോതിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുക എന്ന ലക്ഷ്യത്തേടെയാണ് ഇത്തലാക്കിന്റെ ജെനസിസ് പ്രോഗ്രാം തുടക്കമായിരിക്കുന്നത്.
ഉപഭ്രമണപഥത്തിലെയും പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപണങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിലാണ് സ്പേസ്പോർട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. കുവൈത്ത് സ്പേസ് റോക്കറ്റ്സ് ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള വളർന്നുവരുന്ന ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക് ഒരു പരീക്ഷണ കേന്ദ്രം നൽകുന്നുണ്ട്.ബഹിരാകാശ സാങ്കേതികവിദ്യയിൽ ഒമാന്റെ തന്ത്രപരമായ നിക്ഷേപം, ബഹിരാകാശ ശേഷി വികസിപ്പിക്കുന്നതിനുള്ള വിശാലമായ പ്രാദേശിക ശ്രമങ്ങളുമായി യോജിക്കുന്നതാണ്.
സൗദി അറേബ്യ ഉയർന്ന ഉയരത്തിലുള്ള ബഹിരാകാശ ടൂറിസം പര്യവേക്ഷണം ചെയ്യുകയും യു.എ.ഇ തിരശ്ചീന വിക്ഷേപണ കേന്ദ്രങ്ങൾ വികസിപ്പിക്കുകയും ചെയ്യുമ്പോൾ, ആഗോള ബഹിരാകാശ സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനായി യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) മാനദണ്ഡങ്ങൾ പാലിക്കുന്ന ലംബ റോക്കറ്റ് വിക്ഷേപണങ്ങൾക്കുള്ള കേന്ദ്രമായി ഒമാൻ സ്വയം സ്ഥാനം പിടിക്കുകയാണ്.
ഇത്തലാഖ് കോൺഫറൻസിൽ പ്രഖ്യാപിച്ച ഫാൻ സോൺ ഈ വേനൽക്കാലത്ത് തുറക്കാനാണ് അധികൃതർ ആലോചിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.
ഇത്തലാക്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉടൻ ആരംഭിക്കുന്ന ഓൺലൈൻ പോർട്ടൽ വഴി ടിക്കറ്റുകൾക്കായി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

