സ്വർണ -ആഭരണ വ്യാപാര മേഖലയിൽ ഹവാല വിരുദ്ധ കംപ്ലയൻസ് ഓഫിസർമാരെ നിർബന്ധമാക്കി ഒമാൻ
text_fieldsമസ്കത്ത്: രാജ്യത്തെ സ്വർണ, ആഭരണ വ്യാപാരികൾക്ക് കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിന് പണം നൽകലും തടയുന്നതിനുള്ള നിയമപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക ‘കംപ്ലയൻസ് ഓഫീസറെ’ നിയമിക്കണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം കർശന നിർദേശം നൽകി. ലൈസൻസുള്ള വിലയേറിയ ലോഹങ്ങൾ, രത്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങൾക്കുമാണ് ഈ ഉത്തരവ് ബാധകമാകുക. സ്വർണം, വെള്ളി, ആഭരണങ്ങൾ, വിലപിടിപ്പുള്ള രത്നങ്ങൾ എന്നിവയുടെ ബിസിനസ് ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ പുതിയ നിർദേശം ബാധകമാണ്. കംപ്ലയൻസ് ചുമതലകൾ നിർവഹിക്കുന്നതിനായി യോഗ്യതയുള്ള ഒരു ജീവനക്കാരനെ അടിയന്തിരമായി നിയോഗിക്കണമെന്ന് മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ, ഭീകരവാദ ധനസഹായ വിരുദ്ധ നിയമത്തിലെ (ആന്റി മണി ലോണ്ടറിങ് ആൻഡ് കൗണ്ടർ ടെററിസം ഫിനാൻസിങ് ലോ) വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. കമ്പനികൾ തങ്ങൾ നിയമിച്ച കംപ്ലയൻസ് ഓഫിസറുടെ പൂർണമായ വിവരങ്ങൾ നിർദിഷ്ട ഔദ്യോഗിക ചാനലുകൾ വഴി മന്ത്രാലയത്തിന് സമർപ്പിക്കണം. മന്ത്രാലയത്തിന്റെ ഈ നിർദേശം കൃത്യമായി പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

