ടൂറിസം രംഗത്ത് കുതിപ്പുമായി ഒമാൻ
text_fieldsഒമാനിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികൾ
മസ്കത്ത്: ടൂറിസം രംഗത്ത് ശ്രദ്ധേയമായ കുതിപ്പുമായി ഒമാൻ. ഈ വർഷം ഫെബ്രുവരി അവസാനത്തോടെ 6,68,205ൽ അധികം സന്ദർശകരാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. ആഗോള ടൂറിസം വീണ്ടെടുക്കൽ ത്വരിതഗതിയിലായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രതീക്ഷ നൽകുന്നതാണ് ഈ കണക്കുകൾ.
ഇതുവെറുമൊരു സ്ഥിതിവിവരക്കണക്ക് സൂചകമല്ല, മറിച്ച് സാമ്പത്തിക വൈവിധ്യവത്കരണം വർധിപ്പിക്കുന്നതിനും എണ്ണയെ ആശ്രയിക്കുന്നത് കുറക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി ടൂറിസം മേഖലയിൽ ഒമാൻ നടത്തുന്ന തന്ത്രപരമായ മാറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സന്ദർശകരുടെ പട്ടികയിൽ ഇമാറാത്തികൾ, ഇന്ത്യക്കാർ, ജർമൻകാർ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽവരുന്നത്.
1, 58,586 ഇമാറാത്തികളാണ് ഈ വർഷത്തെ ആദ്യ രണ്ടുമാസത്തിലെത്തിയത്. 83,621 സന്ദർശകരുമായി ഇന്ത്യക്കാരാണ് തൊട്ടുപിന്നിൽ. 42,318 ആളുകളുമായി ജർമൻകാരാണ് മൂന്നാം സ്ഥാനത്ത്. മെച്ചപ്പെട്ട വ്യോമ കണക്റ്റിവിറ്റി, വിപുലമായ പ്രമോഷനൽ കാമ്പയിനുകൾ, സ്ഥിരതയുള്ള പൊതു പരിസ്ഥിതി, വികസിത ടൂറിസം ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാണ് ടൂറിസം രംഗത്തെ ഈ കുതിപ്പിന് ഉണർവേകുന്നത്.
ആദ്യ രണ്ട് മാസങ്ങളിൽ രേഖപ്പെടുത്തിയ കണക്കുകൾ ഒമാന്റെ ടൂറിസം സാധ്യതകളിൽ വർധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതായും സ്വകാര്യ മേഖലയുമായുള്ള സഹകരണത്തോടെ മന്ത്രാലയത്തിന്റെ പ്രമോഷനൽ, നിക്ഷേപ ശ്രമങ്ങളുടെ വിജയവുമാണ് ഇതിനുപിന്നിലെന്നും പൈതൃക, ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
2025 ന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ കണക്കുകൾ തീർച്ചയായും ഒമാനി സമ്പദ്വ്യവസ്ഥക്ക് ശക്തമായ ഒരു ഉത്തേജനം നൽകുന്നു, പ്രത്യേകിച്ച് മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) ടൂറിസം മേഖലയുടെ വർധിച്ചുവരുന്ന സംഭാവനയും ഹോട്ടലുകളുടെയും ടൂറിസ്റ്റ് സൗകര്യങ്ങളുടെയും ഉയർന്ന താമസ നിരക്കും കണക്കിലെടുക്കുമ്പോൾ. സാമ്പത്തിക റിപ്പോർട്ടുകൾ പ്രകാരം, ഓരോ 100,000 സന്ദർശകരും താമസം, റസ്റ്ററന്റുകൾ, ഗതാഗതം, വിനോദ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവക്കായി ചെലവഴിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് റിയാലുകൾ പ്രത്യക്ഷമായും പരോക്ഷമായും വരുമാനം ഉണ്ടാക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പർവതങ്ങൾ, ബീച്ചുകൾ, മരുഭൂമികൾ, പൈതൃക സ്ഥലങ്ങൾ, യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥലങ്ങൾ എന്നിവ സംയോജിപ്പിച്ച് പ്രകൃതിദത്തവും സാംസ്കാരികവുമായ വൈവിധ്യത്തെ അടിസ്ഥാനമാക്കി ഒ വ്യതിരിക്ത ടൂറിസം പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിൽ ഒമാൻ വിജയിച്ചു.
സാഹസികത ആഗ്രഹിക്കുന്നവർ മുതൽ ശാന്തതയും വിശ്രമവും ആഗ്രഹിക്കുന്നവർവരെയുള്ള വിവിധ സന്ദർശക വിഭാഗങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ജബൽ അഖ്ദർ, മുസന്ദം, സൂർ, ദോഫാർ തുടങ്ങിയ നിരവധി സ്ഥലങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

