ഒമാൻ നിർമിത ബസുകൾ ഖത്തറിലെത്തിച്ചു
text_fieldsദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ കർവ മോട്ടോഴ്സ് നിർമിച്ച ബസുകൾ
മസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ കർവ മോട്ടോഴ്സ് നിർമിച്ച ബസുകൾ ഖത്തറിലേക്ക് എത്തിച്ചു. ഫാക്ടറി തുടങ്ങി ഏകദേശം ഒരു മാസം തികയും മുമ്പാണ് ബസുകൾ നിർമിച്ച് കയറ്റിയയച്ച് തുടങ്ങിയത്. ഈ വര്‍ഷം നടക്കുന്ന ഫിഫ ഖത്തര്‍ ലോകകപ്പില്‍ കാണികള്‍ക്ക് യാത്ര ചെയ്യാനും മറ്റും കര്‍വ മോട്ടോഴ്സിന്റെ ഒമാന്‍ നിര്‍മിത ബസുകള്‍ ഉപയോഗിക്കും.
അൽ മദീന ലോജിസ്റ്റിക്‌സ് സർവിസസ് കമ്പനി (എ.എം.എൽ.എസ്) ആണ് കയറ്റുമതി കൈകാര്യം ചെയ്തത്. പ്രാരംഭ ബാച്ചിലെ 34 ബസുകളാണ് സുഹാറിലെ അൽ മദീനയുടെ ലോജിസ്റ്റിക് ഹബ്ബിൽ എത്തിച്ചത്. ഇവിടെ നിന്നും ബസുകൾ കപ്പൽ വഴി ദോഹയിലെ ഹമദ് പോർട്ടിൽ എത്തിക്കുകയായിരുന്നു. ഈ പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എ.എം.എൽ.എസ് ഗ്രൂപ് സി.ഇ.ഒ മഹമൂദ് സഖി അൽ ബലൂഷി പറഞ്ഞു. ബസ് വിജയകരമായി ഖത്തറിൽ ഉപഭോക്താവിന് കൈമാറിയെന്നും എ.എം.എൽ.എസിലുള്ള വിശ്വാസത്തിന് കർവ മോട്ടോഴ്‌സിന് നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യബാച്ച് ബസ് വളരെ വിജയകരമായാണ് എ.എം.എൽ.എസ് ടീം കൈകാര്യം ചെയ്തതെന്ന് കർവ മോട്ടോഴ്‌സ് ചീഫ് ഓപറേഷൻസ് ഓഫിസർ മൈക്കൽ എസെനാരോ പറഞ്ഞു.
ജൂൺ 23നായിരുന്നു കർവ മോട്ടോഴ്‌സ് തങ്ങളുടെ ബസ് ഫാക്ടറി ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ തുറക്കുന്നത്
5, 68,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഫാക്ടറി ഒരുക്കിയിരിക്കുന്നത്. ഇവിടെ സിറ്റി, സ്‌കൂൾ, ഇന്റർസിറ്റി ബസുകൾ അടക്കമുള്ളവ നിർമിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്‍റെ രൂപകൽപന ചെയ്‌തിരിക്കുന്നത്. പ്രതിവർഷം 700 ബസുകൾ ഫാക്ടറിക്ക് നിർമിക്കാൻ കഴിയും. ഒമാനും ഖത്തറും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഫലമാണ് ഫാക്ടറി.
ഖത്തറിലെ പൊതു മേഖല ഗതാഗത കമ്പനിയായ മുവാസലാത്ത് ഖത്തറും ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുമാണ് ബസ് നിർമാണ മേഖലയിൽ നിക്ഷേപം ഇറക്കിയിരിക്കുന്നത്. ഖത്തർ കമ്പനി പദ്ധതിയുടെ 70 ശതമാനവും ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി 30 ശതമാനവുമാണ് വഹിക്കുന്നത്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഫാക്ടറിയിൽ ഉപയോഗിക്കുന്നത്. അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ച് വെക്കുന്നതിനുള്ള വിശാലമായ വെയർ ഹൗസുകൾ, കട്ടിങ്ങിനും വെൽഡിങ്ങിനും പെയിൻറിങ്ങിനും വേണ്ടിയുള്ള പ്രത്യേക വർക്ക് ഷോപ്പുകൾ, യന്ത്രങ്ങൾ സംയോജിപ്പിക്കാനുള്ള കേന്ദ്രങ്ങൾ, വാഹനങ്ങളും വാഹനത്തിലെ ഉപകരണങ്ങളും പരിശോധിക്കാനുള്ള വിശാലമായ മുറ്റങ്ങൾ തുടങ്ങിയ വിശാലമായ സൗകര്യങ്ങളണ് ഫാക്ടറിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

