ബഹിരാകാശ മേഖലയിൽ കുതിപ്പിനൊരുങ്ങി ഒമാൻ
text_fieldsഒമാൻ സ്പേസ് ആക്സിലറേറ്റേഴ്സ് പ്രോഗ്രാമിന് തുടക്കമായപ്പോൾ
മസ്കത്ത്: ബഹിരാകാശ മേഖലയിലെ നവീകരണവും സ്റ്റാർട്ടപ്പുകളും പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ സ്പേസ് ആക്സിലറേറ്റേഴ്സ് പ്രോഗ്രാം ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ആരംഭിച്ചു. സ്പേസ് സൊല്യൂഷനുകളും സേവനങ്ങളും വികസിപ്പിക്കുന്നതിന് പ്രാദേശിക സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം.
ബഹിരാകാശ മേഖലയിൽ സംരംഭകത്വം വളർത്തുക, നൂതന സാങ്കേതികവിദ്യകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഒമാനിലെ ബഹിരാകാശ സേവനങ്ങളുടെ കൈമാറ്റത്തെയും പ്രാദേശികവത്കരണത്തെയും പിന്തുണക്കുക, എന്നിവയും ലക്ഷ്യമിടുന്നുണ്ട്. സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെയും സാങ്കേതിക പുരോഗതിയുടെയും സുൽത്താനേറ്റിന്റെ വിശാലമായ ലക്ഷ്യങ്ങളുമായി ഇത് യോജിക്കുന്നു. ആക്സിലറേറ്റർ പ്രോഗ്രാമുകളിൽ വൈദഗ്ധ്യം നേടിയ യു.കെ ആസ്ഥാനമായുള്ള എക്സോടോപ്പിക് സ്ഥാപനവുമായി സഹകരിച്ച് അങ്കാ സ്പേസ് ആൻഡ് ടെക്നോളജി കമ്പനിയാണ് ഒരു വർഷത്തെ പരിപാടി നടപ്പിലാക്കുന്നത്.
വാണിജ്യപരമായി ലാഭകരമായ ബഹിരാകാശ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും ബഹിരാകാശ നവീകരണത്തിൽ ദേശീയ കഴിവുകൾ വളർത്തിയെടുക്കുന്നതിലും 10 പ്രാദേശിക സ്റ്റാർട്ടപ്പുകളെ പിന്തുണക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒമാനിൽ ബഹിരാകാശ സംരംഭകത്വത്തിനായി ചലനാത്മകമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടിയെന്ന് നയങ്ങളുടെയും ഭരണത്തിന്റെയും ഡയറക്ടർ ജനറലും ദേശീയ ബഹിരാകാശ പദ്ധതിയുടെ തലവനുമായ ഡോ. സൗദ് ബിൻ ഹുമൈദ് അൽ ഷുഐലി പറഞ്ഞു.
സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ്, എർത്ത് ഒബ്സർവേഷൻ, ജിയോസ്പേഷൽ അനലിറ്റിക്സ്, നാവിഗേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോണുകൾ, ഇന്റർനെറ്റ് ഓഫ് തിങ്സ്, സ്പേസ്ക്രാഫ്റ്റ് സിമുലേഷൻ, അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് തുടങ്ങിയ പ്രധാന മേഖലകളിലാണ് സ്പേസ് ആക്സിലറേറ്റേഴ്സ് പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൂന്നു സ്റ്റാർട്ടപ്പുകൾക്ക് അവരുടെ സംരംഭങ്ങളുടെ ദീർഘകാല സുസ്ഥിരതയെ പിന്തുണക്കുന്നതിനുള്ള പ്രോത്സാഹന അവാർഡുകളും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

