കാർഗോ ഡെലിവറിക്ക് തദ്ദേശീയമായി രൂപപ്പെടുത്തിയ സഹം ഡ്രോണുമായി ഒമാൻ
text_fieldsകാർഗോ ഡെലിവറിക്ക് തദ്ദേശീയമായി അസംബ്ലി ചെയ്ത സഹം ഡ്രോൺ ഉദ്ഘാടന പറക്കലിനിടെ
മസ്കത്ത്: കാർഗോ ഡെലിവറിക്ക് തദ്ദേശീയമായി രൂപപ്പെടുത്തിയ ഡ്രോണുമായി ഒമാൻ. തദ്ദേശീയമായി അസംബ്ലി ചെയ്ത ഭാരവാഹക ഡ്രോൺ ‘സഹം’ 250 കിലോഗ്രാം വരെ ചരക്ക് വഹിക്കാനും 300 കിലോമീറ്റർ വരെ പറക്കാനും ശേഷിയുള്ളതാണ്. തന്ത്രപ്രധാന ലോജിസ്റ്റിക്സ് ആവശ്യങ്ങൾക്കായാണ് ‘സഹം’ രൂപകൽപന ചെയ്തിട്ടുള്ളത്.
മിലിട്ടറി ടെക്നിക്കൽ കോളജിൽ സംഘടിപ്പിച്ച ‘സ്കൈ ബ്രിഡ്ജ്’ പരിപാടിയിൽ ഗതാഗത,വാർത്താ വിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മാവാലി, പ്രതിരോധ മന്ത്രാലയ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസിർ അൽ സഅബി, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, ഇബ്നു ഫിർനാസ് സെന്റർ ഫോർ ഡ്രോൺസിന്റെ സി.ഇ.ഒ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഹാർത്തി തുടങ്ങിയവർ പങ്കെടുത്തു.
ഒമാനിൽ തന്നെ പൂർണമായി അസംബ്ലി ചെയ്ത, പ്രവർത്തനക്ഷമമായ ഡ്രോണിന്റെ അവതരണം രാജ്യത്തിന് അപൂർവമായ നേട്ടമാണെന്നാണ് വിലയിരുത്തൽ. പ്രാദേശിക ലോജിസ്റ്റിക്സ് നവീകരണത്തിൽ ഒമാനെ മുൻനിരയിലേക്ക് ഉയർത്തുന്നതാണ് ‘സഹം’.ഡ്രോണിന്റെ ആദ്യ ദൗത്യത്തിൽ, 100 കിലോഗ്രാം മെഡിക്കൽ സാമഗ്രികൾ ഏകദേശം 100 കിലോമീറ്റർ ദൂരത്തിൽ, മിലിട്ടറി ടെക്നിക്കൽ കോളജിൽ നിന്ന് ജബൽ അഖ്ദർ വരെ വിജയകരമായി എത്തിച്ചു. കഠിനമായ പർവതപ്രദേശങ്ങളും താഴ്വരകളും മറികടന്ന ഈ സഞ്ചാരം, ദൂരദേശങ്ങളെ വേഗത്തിലും സുരക്ഷിതമായും ബന്ധിപ്പിക്കാനുള്ള ഡ്രോണിന്റെ പ്രായോഗിക ശേഷി തെളിയിക്കുന്നതായി. ചടങ്ങിനോടനുബന്ധിച്ച്, ഇബ്നു ഫിർനാസ് സെന്ററിന്റെ ‘സ്കൈ ബ്രിഡ്ജ്’ പദ്ധതി പ്രഖ്യാപിച്ചു.
വിമാന നിർമാണമടക്കമുള്ള പദ്ധതികളാണ് ‘സ്കൈ ബ്രിഡ്ജ്’ ലക്ഷ്യമിടുന്നത്. കൃത്യനിരീക്ഷണത്തിനും ഉയർന്ന തലത്തിലുള്ള വ്യോമസേവനങ്ങൾക്കുമായി രൂപകൽപന ചെയ്ത പ്രത്യേക ഡ്രോൺ എന്നിവ ഉൾപ്പെടെ, സെന്ററിൽ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക സാങ്കേതികവിദ്യകളും ചടങ്ങിൽ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

