എഴുത്തുകരാറില്ലെങ്കിലും തൊഴിൽ അവകാശങ്ങൾ തെളിയിക്കാം
text_fieldsമസ്കത്ത്: ഒമാനിൽ തൊഴിലുടമയുമായി എഴുത്തുപരമായ തൊഴിൽ കരാർ ഇല്ലെങ്കിലും തൊഴിലാളികൾക്ക് തങ്ങളുടെ തൊഴിൽബന്ധവും നിയമപരമായ അവകാശങ്ങളും തെളിയിക്കാനാകുമെന്ന് അധികൃതർ. ബാങ്ക് ഇടപാട് രേഖകൾ, ഹാജർ വിവരങ്ങൾ, ഔദ്യോഗിക സന്ദേശങ്ങൾ, സാക്ഷിമൊഴികൾ തുടങ്ങിയവ തൊഴിൽബന്ധം തെളിയിക്കുന്നതിന് ഉപയോഗിക്കാമെന്ന് തൊഴിൽ മന്ത്രാലയത്തിലെ നിയമ ഗവേഷക അസ്സ അൽ സവാഫി വ്യക്തമാക്കി.ഒമാൻ തൊഴിൽ നിയമത്തിലെ 33ാം വകുപ്പ് പ്രകാരം തൊഴിൽ കരാർ രേഖാമൂലം തയ്യാറാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ കരാർ രേഖാമൂലം ഇല്ലാത്ത സാഹചര്യത്തിൽ മറ്റ് തെളിവുകൾ ഹാജരാക്കി തൊഴിലാളിക്ക് തന്റെ അവകാശങ്ങൾ സ്ഥാപിക്കാനാകും.
ശമ്പളം ലഭിച്ചതിന്റെ ബാങ്ക് രേഖകൾ, ജോലി ചെയ്ത ദിവസങ്ങളും സമയവും വ്യക്തമാക്കുന്ന ഹാജർ രേഖകൾ, തൊഴിലുടമയുമായുള്ള ഇ-മെയിൽ, ഫോൺ സന്ദേശങ്ങൾ എന്നിവ ഇതിന് തെളിവായി സമർപ്പിക്കാം. ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ്, തൊഴിൽ പെർമിറ്റ്, ജോലിസ്ഥലത്തെ സാന്നിധ്യം സ്ഥിരീകരിക്കുന്ന രേഖകൾ, സാക്ഷിമൊഴികൾ എന്നിവയും പ്രയോജനപ്പെടുത്താം.എഴുത്തുപരമായ തൊഴിൽ കരാർ ഇല്ലെന്ന കാരണത്താൽ മാത്രം തൊഴിലാളിയുടെ അവകാശങ്ങൾ ഇല്ലാതാകില്ലെന്നും തൊഴിൽബന്ധം തെളിയിക്കുന്ന രേഖകൾ സൂക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

