സമൈലിൽ പുതിയ ആശുപത്രി നിർമിക്കാൻ ഒമാൻ-കുവൈത്ത് ഫണ്ട് ധാരണ
text_fieldsസമൈലിൽ പുതിയ ആശുപത്രി സ്ഥാപിക്കുന്ന പദ്ധതിയിൽ
ഒമാൻ സർക്കാറിന്റെയും കുവൈത്ത് ഫണ്ട് ഫോർ അറബ്
ഇക്കണോമിക് ഡെവലപ്മെന്റിന്റെയും പ്രതിനിധികൾ
ഒപ്പുവെക്കുന്നു
മസ്കത്ത്: അൽ ദാഖിലിയ ഗവർണറേറ്റിലെ സമൈലിൽ പുതിയ ആശുപത്രി സ്ഥാപിക്കുന്ന പദ്ധതിക്ക് പിന്തുണ നൽകുന്നതിന് ഒമാൻ സർക്കാറും കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു.ഒമാൻ സർക്കാറിനെ പ്രതിനിധീകരിച്ച് ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹബ്സിയും കുവൈത്ത് ഫണ്ടിനെ പ്രതിനിധീകരിച്ച് ഡയറക്ടർ ജനറൽ ഹിസ് എക്സലൻസി വലീദ് ഷംലാൻ അൽ ബഹറും ഒപ്പുവെച്ചു.
സമൈൽ വിലായത്തിലും പരിസരപ്രദേശങ്ങളിലും സമഗ്രമായ ആരോഗ്യസൗകര്യം ഒരുക്കുന്നതിനുവേണ്ടിയാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്.പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുകയാണ് ലക്ഷ്യം. 170 കിടക്കകളുള്ളതായിരിക്കും നിർദിഷ്ട ആശുപത്രി. പിന്നീട് 300 കിടക്കകളായി വിപുലപ്പെടുത്താനും കഴിയുന്ന രീതിയിലാണ് നിർമാണം നടത്തുക.
ദേശീയ ആരോഗ്യരംഗം വികസിപ്പിക്കാനും മെഡിക്കൽ സേവനങ്ങളുടെ ഗുണമേന്മ ഉയർത്താനും ആരോഗ്യ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന ഒമാൻ വിഷൻ 2040 പദ്ധതിയുമായി പൊരുത്തപ്പെടുന്നതാണ് ഈ സംരംഭമെന്ന് അധികൃതർ വ്യക്തമാക്കി.റഫറൽ ആശുപത്രികളിലെ തിരക്ക് കുറക്കുകയും മെഡിക്കൽ സ്റ്റാഫിന്റെ പരിശീലനം മെച്ചപ്പെടുത്തുകയും രാജ്യത്താകമാനം ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യസംവിധാനം വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

