ടൂറിസം മേഖലക്ക് കരുത്തേകി ഒമാൻ കൈറ്റ് ഫെസ്റ്റിവലിന് തിരശ്ശീല വീണു
text_fieldsഒമാൻ കൈറ്റ് ഫെസ്റ്റിവലിൽനിന്ന്
മസ്കത്ത്: രാജ്യത്തെ ടൂറിസം രംഗത്തിന് പുത്തനുണർവ് പകർന്ന് ഒമാൻ കൈറ്റ് ഫെസ്റ്റിവലിന് തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിൽ തിരശ്ശീല വീണു. ലോകമെമ്പാടുമുള്ള 90 ലധികം അത്ലറ്റുകൾ 10 ദിവസം നീണ്ട മേളയിൽ വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മാറ്റുരച്ചു.നാല് ഘട്ടങ്ങളിലായി നടന്ന മൾട്ടി സ്റ്റേജ് ഡൗൺവൈൻഡർ റേസിൽ അയ്മാൻ അബ്ദുല്ല അൽ ഗഫ്രി കിരീടമണിഞ്ഞു. അൽ മുഖ്താർ അബ്ദുൽ-കരീം അൽ മുജൈനി രണ്ടാം സ്ഥാനവും ഈജിപ്ത് അത്ലറ്റ് അഹമ്മദ് മുഹമ്മദ് ജമാൽ മൂന്നാം സ്ഥാനവും നേടി. സൂറിലെ വിലായത്തിൽ നടന്ന സ്ലാലോം റേസിൽ മാജിദ് അൽ ഖറൂസിക്കണ് കിരീടം. സൗത്ത് ഷർഖിയ ഗവർണർ ഷെയ്ഖ് ഡോ. യഹ്യ ബദർ അൽ മാവാലിയുടെ സാന്നിധ്യത്തിലായിരുന്നു സമാപന ചടങ്ങുകൾ.
സാഹസിക ടൂറിസത്തെ പിന്തുണക്കുന്നതിനും ആഗോള കായിക, ടൂറിസം ഭൂപടത്തിൽ ഒമാൻ സുൽത്താനേറ്റിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിനും കൈറ്റ് ഫെസ്റ്റിവൽ ഒരു മുതൽകൂട്ടായെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി ഒമ്രാൻ ഗ്രൂപ്, ഒമാൻ സെയിൽ, വിസിറ്റ് ഒമാൻ, ഒമാൻ അഡ്വഞ്ചർ സെന്റർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഫെസ്റ്റിവൽ. ഒമാന്റെ തീരദേശ പരിസ്ഥിതിയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ ടൂറിസം അനുഭവം സമ്മാനിക്കുന്നതായിരുന്നു ഫെസ്റ്റിവല്‍. പാരിസ്ഥിതിക വൈവിധ്യം മുതല്‍ അനുകൂലമായ കാറ്റും കാലാവസ്ഥയും വരെയുള്ള രാജ്യത്തിന്റെ അനുയോജ്യമായ തീരദേശ സാഹചര്യങ്ങളും ഫെസ്റ്റിവലിനെ വേറിട്ടതാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

