ഒമാന്റെ പ്രകൃതിഭംഗി വരച്ചുകാട്ടി സൗദിയിൽ റോഡ് ഷോ
text_fieldsഒമാൻ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സൗദിയിൽ റോഡ് ഷോക്ക് തുടക്കംകുറിച്ച് നടന്ന ചടങ്ങ്
മസ്കത്ത്: സുൽത്താനേറ്റിലെ ടൂറിസം സാധ്യതകൾ വിവരിച്ച് സൗദിയിൽ റോഡ് ഷോ. പൈതൃക, വിനോദസഞ്ചാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ റിയാദില്‍ നടന്ന ആദ്യ പരിപാടിയിൽ ഒമാനില്‍നിന്നുള്ള 15ഉം സൗദിയില്‍നിന്നുള്ള 150ഉം കമ്പനികൾ പങ്കെടുത്തു. ഒമാന്റെ പ്രകൃതിഭംഗിയും മനോഹാരിതയും വിവരിക്കുന്ന റോഡ് ഷോ വരുംദിവസങ്ങളില്‍ ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലും നടക്കും. രാജ്യത്തെ വിനോദസഞ്ചാരമേഖലയെ പരിചയപ്പെടുത്തുന്നതിലൂടെ ഒമാനിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം ദോഫാര്‍ ഗവര്‍ണറേറ്റ് ടൂറിസം പ്രമോഷന് ഡയറക്ടര്‍ ജനറല്‍ മര്വാന് ബിന്‍ അബ്ദുല്‍ ഹകീം പറഞ്ഞു.
ജൂണ്‍ 21ന് ആരംഭിച്ച് സെപ്റ്റംബര്‍ 21വരെ തുടരുന്ന ഖരീഫ് സീസണിലേക്ക് സൗദിയിൽനിന്ന് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് റോഡ് ഷോയിലൂടെ ഉദ്ദേശിക്കുന്നത്. ഈ വർഷത്തെ ഖരീഫ് സീസണിൽ സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമ്മാം, ബുറൈദ എന്നിവിടങ്ങളിൽനിന്ന് 188 വിമാനങ്ങൾ സലാലയിലേക്കെത്തും. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സൗദിയിൽനിന്ന് ഒമാനിലേക്കെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം ഏകദേശം 49,000ത്തില്‍ എത്തിയതായി സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 92 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്.

