സൂപ്പർ ഹിറ്റിലേക്ക് ‘ഖരീഫ്’
text_fieldsസലാല: ഖരീഫ് സീസൺ അവസാന ഘട്ടത്തിലേക്ക് നീങ്ങിത്തുടങ്ങിയതോടെ സന്ദർശകരുടെ ഒഴുക്ക് വർധിച്ചു. ഖരീഫ് കാലം ആരംഭിച്ച ജൂണ്‍ 21 മുതല്‍ ആഗസ്റ്റ് 15 വരെയുള്ള ദിനങ്ങളില്‍ 8,27,115 പേരാണ് ദോഫാറിൽ എത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തിൽ 2.1 ശതമാനത്തിന്റെ വർധനാവാണുണ്ടായത്.
സന്ദർശകരിൽ ഏറ്റവും കൂടുതൽ ആളുകൾ ഒമാനികളാണ്. 59,577 സ്വദേശികളാണ് (71.5 ശതമാനം) ഇക്കാലയവിൽ ദോഫാറിൽ എത്തിയത്. 143,431 പേരാണ് ഇതര ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നെത്തിയത്. സഞ്ചാരികളില്‍ 6,39,962 പേര് കരമാര്‍ഗവും 1,87,153 പേര് വിമാനമാര്‍ഗവുമാണ് ഖരീഫ് ആസ്വദിക്കാനെത്തിയത്. ആഗസ്റ്റ് ഒന്നിനും 15നും ഇടയിലാണ് സഞ്ചാരികളില്‍ 46.5 ശതമാനവും ദോഫാറിലെത്തിയതെന്നും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബര്‍ 21ന് ആണ് ഔദ്യോഗികമായി സീസണ് അവസാനിക്കുന്നത്.
അതേസമയം, ഈ വർഷത്തെ ഖരീഫ് സീസണിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിന് പുതിയ പരിപാടികളും നവീകരിച്ച സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഇത്തീൻ സ്ക്വയർ, അൽ സാദ ഏരിയ, ഔഖാദ് പാർക്ക്, ഇത്തീൻ പ്ലെയിൻ, സലാല പബ്ലിക് പാർക്ക് എന്നിങ്ങനെ അഞ്ച് പ്രധാന സ്ഥലങ്ങളിലായാണ് പരിപാടികളും പ്രവർത്തനങ്ങളും പുരോഗമിക്കുന്നത്. പ്രദേശത്തിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത വ്യത്യസ്ത പരിപാടികളാണ് ഓരോ വേദിയിലും നടക്കുന്നത്. ഉയർന്ന നിലവാരവും വൈവിധ്യമാർന്ന ഉള്ളടക്കവും ഉറപ്പാക്കാൻ പിന്തുണക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വേദികൾ തയാറാക്കിയിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ഫ്രാങ്കിൻസെൻസ് മാർക്കറ്റ്, സലാല ഫാമിലെ ‘അൽ ഗർഫ്’ പരിപാടി, റൈസ്യൂത്ത് ബീച്ചിലെ പരിപാടികൾ, ആധുനിക ദൃശ്യപ്രദർശനങ്ങൾ ഉപയോഗിച്ചുള്ള അൽ നഹ്ദ ടവറിലെ കലാപരമായ ചുവർചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. സീസണിലെ അവസാന ആഴ്ചകളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

