'സേഫാണ് ഒമാൻ'; ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യം
text_fieldsമസ്കത്ത്: ആഗോളതലത്തിൽ ഒമാൻ സുൽത്താനേറ്റിന്റെ സുരക്ഷാ മികവ് തെളിയിച്ച്, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ ‘യു.എസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട്’ പുറത്തുവിട്ട 2026ലെ ആഗോള സുരക്ഷാ സൂചികയിലാണ് ഒമാൻ ഈ അഭിമാന നേട്ടം കൈവരിച്ചത്. പട്ടികയിൽ സിംഗപ്പൂർ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ജപ്പാൻ, ഖത്തർ, ന്യൂസിലൻഡ്, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ മുൻനിര വികസിത രാജ്യങ്ങളെ പിന്തള്ളിയാണ് ഒമാൻ രണ്ടാമതെത്തിയത്.
കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്ക്, കാര്യക്ഷമമായ പൊലീസ്-നിയമപാലന സംവിധാനങ്ങൾ, രാഷ്ട്രീയ സുസ്ഥിരത, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സന്നദ്ധത, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, പൊതുജനങ്ങളുടെ സുരക്ഷിതത്വ ബോധം എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് റാങ്കിങ് തയാറാക്കിയത്. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്ന രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനും സാമ്പത്തിക വളർച്ചക്കും നിക്ഷേപ സാധ്യതകൾക്കും ഈ അന്താരാഷ്ട്ര അംഗീകാരം വലിയ കരുത്താകും.
ആധുനിക പൊലീസ് സംവിധാനം, ഡിജിറ്റൽ സുരക്ഷ, മികച്ച അടിയന്തര പ്രതികരണ സംവിധാനങ്ങൾ, സ്മാർട്ട് സാങ്കേതികവിദ്യകൾ എന്നിവ കാര്യക്ഷമമാക്കിയത് ഒമാന്റെ സുരക്ഷാ ഏജൻസികളുടെ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. ഉന്നത സുരക്ഷാ നിലവാരം പുലർത്തുന്നത് ദേശീയ സ്ഥാപനങ്ങളുടെ കാര്യക്ഷമത കൊണ്ട് മാത്രമല്ല, പൊതുജനങ്ങളുടെ നിയമത്തോടുള്ള ബഹുമാനവും ഭരണത്തോടുള്ള മികച്ച സഹകരണവും കൊണ്ടാണെന്നാണ് റിപ്പോറട്ടിലെ വിലയിരുത്തൽ. സുതാര്യമായ നിയമവ്യവസ്ഥ, ഫലപ്രദമായ ഭരണം, ശക്തമായ സാമൂഹിക ഐക്യം എന്നിവയിലൂടെ ഒമാൻ കൈവരിച്ച ഈ അന്താരാഷ്ട്ര നേട്ടം രാജ്യത്തിന്റെ സമാധാനപരമായ മുന്നേറ്റത്തിന്റെ അടയാളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

