അൾജിയേഴ്സ് ഇന്റർനാഷനൽ ഫെയറിൽ വിശിഷ്ടാതിഥിയായി ഒമാൻ
text_fieldsഅൾജിയേഴ്സ് ഇന്റർനാഷനൽ ഫെയറിലെ ഒമാൻ പവിലിയൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫിനൊപ്പം അൾജിരിയൻ പ്രസിഡന്റ് അബ്ദുൽമദ്ജിദ് ടെബ്ബൗൺ സന്ദർശിച്ചപ്പോൾ
മസ്കത്ത്: അൾജിരിയൻ തലസ്ഥാനമായ അൾജിയേഴ്സിൽ നടക്കുന്ന 56ാമത് അൾജിയേഴ്സ് ഇന്റർനാഷനൽ ഫെയറിൽ വിശിഷ്ടാതിഥിയായി ഒമാൻ. സുൽത്താനേറ്റിന്റെ പവലിയൻ അൾജിരിയൻ പ്രസിഡന്റ് അബ്ദുൽമദ്ജിദ് ടെബ്ബൗൺ ഉദ്ഘാടനം ചെയ്തു. ജൂൺ 28 വരെ നീണ്ടുനിൽക്കുന്ന മേള തലസ്ഥാനത്തെ എക്സിബിഷൻ പാലസിലാണ് നടക്കുന്നത്.
നിരവധി സർക്കാർ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ 900 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഒമാനി പവലിയൻ. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫിനൊപ്പം ഒമാനി പവലിയൻ പ്രസിഡന്റ് സന്ദർശിച്ചു.
പവലിയനിലെ ഒമാനി കമ്പനികൾ ഫാർമസ്യൂട്ടിക്കൽസ്, ഗതാഗതം, ഇലക്ട്രിക്കൽ പരിവർത്തനങ്ങൾ, റിയൽ എസ്റ്റേറ്റ്, മത്സ്യബന്ധനം, ടൂറിസം, ഭക്ഷ്യ ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളെ പ്രതിനിധീകരിക്കുന്നു.
അൾജീരിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് ഒമാൻ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതെന്ന് ഖായിസ് അൽ യൂസഫ് പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാര അവസരങ്ങൾ വർധിപ്പിക്കുന്ന വൻകിട, ഇടത്തരം, ചെറുകിട സംരംഭങ്ങൾ, ഔഷധ നിർമാണ സാമഗ്രികൾ, ഭക്ഷ്യ വ്യവസായങ്ങൾ എന്നിവയിൽനിന്നുള്ള പ്രത്യേക പ്രാതിനിധ്യം, കരകൗശല വസ്തുക്കൾക്കും സാംസ്കാരിക പ്രദർശനങ്ങൾക്കുമുള്ള സമർപ്പിത വിഭാഗങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
20ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തമുള്ള അൽജിയേഴ്സ് ഇന്റർനാഷനൽ ഫെയർ ഒമാന്റെ വാണിജ്യ, നിക്ഷേപ, സാംസ്കാരിക ഓഫറുകൾ പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് നൽകുന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസിക്ക് (ഒ.എൻ.എ) നൽകിയ പ്രസ്താവനയിൽ അൽ യൂസഫ് എടുത്തുപറഞ്ഞു. പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒമാനി വ്യവസായങ്ങളുടെ വൈവിധ്യത്തെയും ഗുണനിലവാരത്തെയും കുറിച്ച് മികച്ച വിലമതിപ്പാണ് അൾജീരിയൻ പ്രസിഡന്റ് നടത്തിതെന്നും ഖായിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

