ആഗോള നിക്ഷേപകരെ ഒമാൻ വിളിക്കുന്നു; ഇതാ ഗോൾഡൻ വിസ
text_fieldsമസ്കത്ത്: യു.എ.ഇ മാതൃകയിൽ ‘ഗോൾഡൻ റെസിഡൻസി’ പ്രോഗ്രാം (ഗോൾഡൻ വിസ) അവതരിപ്പിക്കാൻ ഒമാൻ ഒരുങ്ങുന്നത് ആഗോള നിക്ഷേപകരെ ലക്ഷ്യമിട്ട്. ദിവസങ്ങൾക്കുമുമ്പ് സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് സെന്റർ ഫോർ കൾച്ചർ ആൻഡ് എന്റർടൈൻമെന്റിൽ നടന്ന ‘സുസ്ഥിര ബിസിനസ് പരിസ്ഥിതി’ ഫോറത്തിലാണിത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ഒമാനിൽ ദീർഘകാല താമസം ആഗ്രഹിക്കുന്ന ആഗോള നിക്ഷേപകർ, സംരംഭകർ, പ്രഫഷണലുകൾ എന്നിവരെ ആകർഷിക്കുന്നതിനായുള്ള ഗോൾഡൻ വിസ ആഗസ്റ്റ് 31 മുതൽ അനുവദിച്ചു തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ബിസിനസ്, നിക്ഷേപം എന്നിവക്കുള്ള പ്രാദേശിക കേന്ദ്രമെന്ന നിലയിൽ ഒമാന്റെ മത്സരശേഷി വർധിപ്പിക്കുന്നതിനാണ് ഗോൾഡൻ വിസ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുകയും അറിവ് കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം വിദേശ നിക്ഷേപകർക്ക് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റു ഗൾഫ് രാജ്യങ്ങളുടെ പരിപാടികളെപ്പോലെ, പ്രധാന വളർച്ച മേഖലകളിൽ താമസവും ബിസിനസ് അവസരങ്ങളും തേടുന്ന നിക്ഷേപകർക്ക് ഇത് മികച്ച അവസരമാകും.
നിലവിൽ, ഒമാനിലെ വിസകളെ നാല് പ്രധാന വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. റസിഡന്റ്-സ്പോൺസേർഡ്, റെസിഡന്റ്-അൺസ്പോൺസേർഡ്, വിസിറ്റ്-സ്പോൺസേർഡ്, വിസിറ്റ്-അൺസ്പോൺസേർഡ് എന്നിവയാണവ. എംപ്ലോയ്മെന്റ് വിസകളാണ് ഏറ്റവും സാധാരണമായത്. ഇത് വിദേശ പൗരന്മാരെ ഒരു പ്രാദേശിക സ്പോൺസറുടെ കീഴിൽ ഒമാനിൽ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു.ഫാമിലി ജോയിനിങ് വിസകൾ താമസക്കാർക്ക് അവരുടെ ഇണകളോടും കുട്ടിളോടുമൊപ്പം ഒമാനിൽ താമസിക്കാൻ പ്രാപ്തമാക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്ന വിദേശ വിദ്യാർഥികളെ ഉൾക്കൊള്ളുന്നതാണ് വിദ്യാർഥി വിസകൾ. പരമ്പരാഗത സ്പോൺസർഷിപ് സംവിധാനത്തിനപ്പുറം താമസ അവസരങ്ങൾ വികസിപ്പിക്കുന്നതിനായി രാജ്യം പ്രോപ്പർട്ടി ഓണർ വിസകളും നിക്ഷേപക വിസകളും സുഗമമാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികൾ, ബിസിനസ് യാത്രക്കാർ, കുടുംബ സന്ദർശകർ എന്നിവർക്ക് ഹ്രസ്വകാല സന്ദർശന വിസകളും ഉണ്ട്.
സിംഗിൾ-എൻട്രി പെർമിറ്റുകൾ മുതൽ മൾട്ടിപ്പ്ൾ-എൻട്രി വിസകൾ വരെയുള്ള ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നു.ആഗോള നിക്ഷേപ പ്രവണതകളുമായി മുന്നോട്ടുപോകുന്നതിനുള്ള സുപ്രധാന ചുവടവെപ്പാണ് വരാനിരിക്കുന്ന ഗോൾഡൻ വിസ. സ്ഥിരതയും ദീർഘകാല പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നതിലൂടെ, മേഖലയിൽ കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും വളർന്നുവരുന്ന ലക്ഷ്യസ്ഥാനമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗോൾഡൻ വിസയുടെ നടപടികളും വിശദാംശങ്ങളുമെല്ലാം വരും ദിവസങ്ങളിലേ അറിയാൻ കഴിയുള്ളൂ. അതേസമയം, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ വളര്‍ച്ചക്ക് സഹായകരമാകുന്ന രീതിയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദീർഘ കാല വിസ ഇതിനകം 3,407 വിദേശികള്‍ക്കാണ് നൽകിയിരിക്കുന്നത്. ഇതിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്.2021 ഒക്ടോബര്‍ മുതല്‍ മന്ത്രാലയം പോര്‍ട്ടല്‍ വഴി ദീർഘകാല വിസ അപേക്ഷ സ്വീകരിച്ചുതുടങ്ങിയിരുന്നു. അഞ്ച്, പത്ത് വര്‍ഷങ്ങളിലേക്കുള്ള വിസകളാണ് ഒമാന്‍ അനുവദിക്കുന്നത്,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

