ആഗോളസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമായി ഒമാൻ
text_fieldsമസ്കത്തിൽ സ്ഥിതി ചെയ്യുന്ന സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക്
കിഴക്കൻ ഒമാനിലെ ശർഖിയ്യ മണൽപരപ്പിൽനിന്നുള്ള ദൃശ്യം
മസ്കത്ത്: ഒമാൻ ആഗോളസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമായി മാറുന്നു. ഒമാനിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായാണ് പുതിയ റിപ്പോർട്ട്.
കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ ഈ വർഷം ആഗസ്റ്റ് വരെയുള്ള കാലയളവിലെ സഞ്ചാരികളുടെ ഡാറ്റയുടെ അടിസ്ഥാനത്തിൽ ഫോർവേഡ് കീസ് തയാറാക്കിയ റിപ്പോർട്ടിലാണ് ടൂറിസം മേഖലയിൽ ഒമാന്റെ മുന്നേറ്റം കാണിക്കുന്നത്. ഒമാനിലേക്കുള്ള അന്താരാഷ്ട്ര സഞ്ചാരികളുടെ വരവ് കഴിഞ്ഞ ഒരു വർഷത്തിടെ ഏഴു ശതമാനം വർധിച്ചു. അതോടൊപ്പം ഒമാന്റെ ടൂറിസ്റ്റ് ഇടങ്ങൾ സംബന്ധിച്ച് ആഗോളതലത്തിൽ ഓൺലൈൻ സെർച്ചിങ്ങിൽ 43 ശതമാനം വർധനയും രേഖപ്പെടുത്തി. രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലക്ക് ശക്തമായ വളർച്ചാസൂചനയാണിത് നൽകുന്നത്.
ഫോർവേഡ് കീസ് റിപ്പോർട്ട് പ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലാണ് ഗണ്യമായ വർധനവുണ്ടായിട്ടുള്ളത്. 2025ലെ ആദ്യ ആറുമാസത്തിൽ ഇറ്റലി, സ്പെയിൻ, നെതർലൻഡ്സ് എന്നിവയിൽ നിന്ന് 44 ശതമാനത്തിന് മുകളിൽ വർധനവ് രേഖപ്പെടുത്തി. സ്വിറ്റ്സർലൻഡിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 35 ശതമാനം വർധനവും രേഖപ്പെടുത്തി. ആഡംബരവും സാംസ്കാരികവുമായ അനുഭവങ്ങളുടെ കേന്ദ്രമായി ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഒമാൻ മാറുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഒമാനിലേക്കുള്ള ആകെ സഞ്ചാരികളുടെ 40 ശതമാനവും ഗൾഫ് മേഖലയിൽനിന്നാണ്. ഈ കാലയളവിൽ ബഹ്റൈനിൽനിന്നുള്ള സഞ്ചാരികൾ 30 ശതമാനവും ഖത്തറിൽനിന്നുള്ള സഞ്ചാരികൾ എട്ടുശതമാനവും ഉയർന്നിട്ടുണ്ട്.
ഇതിനിടയിൽ, 2025 സെപ്റ്റംബർ മുതൽ നവംബർ വരെ ഒമാൻ സന്ദർശനവുമായി ബന്ധപ്പെട്ട ആഗോള തിരച്ചിലുകളിൽ 43% ഉയർച്ച രേഖപ്പെടുത്തി. 2026 ഫെബ്രുവരി വരെ അന്താരാഷ്ട്ര യാത്രികരുടെ ഒഴുക്ക് തുടരുമെന്നാണ് വിമാന കമ്പനികളിലെ ബുക്കിങ് അടിസ്ഥാനമാക്കിയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
വിമാനയാത്രാശേഷിയിൽ ഏറ്റവും കൂടുതൽ വർധനവ് രേഖപ്പെടുത്തിയ രാജ്യങ്ങളിൽ റഷ്യയാണ് മുന്നിൽ; 253 ശതമാനം. സ്വിറ്റ്സർലൻഡ്- 83 ശതമാനം, മലേഷ്യ- 56 ശതാനം, ഇറ്റലി- 31 ശതമാനം, യു.കെ. 24 ശതമാനം എന്നിങ്ങനെയാണ് മുൻനിരയിലുള്ള രാജ്യങ്ങളുടെ കണക്ക്. യൂറോപ്പിന്റെയും ഏഷ്യയുടെയും വിപണികളിലുണ്ടായ പ്രത്യക്ഷമായ വളർച്ച ഒമാന്റെ വിനോദസഞ്ചാരമേഖലയെ ശക്തിപ്പെടുത്തുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഒമാന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രപരമായ പ്രാധാന്യവും ഭൂമിശാസ്ത്രപരമായ കിടപ്പും എല്ലാത്തരം വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

