ഒമാൻ- ഇറാൻ വിദേശകാര്യമന്ത്രിമാർ ടെലിഫോണിൽ ചർച്ച നടത്തി
text_fieldsമസ്കത്ത്: പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും പ്രാദേശിക അസ്വാരസ്യങ്ങൾ പരിഹരിക്കാൻ സമാധാനപരമായ രാഷ്ട്രീയ മാർഗങ്ങൾ തേടണമെന്നും ആഹ്വാനം ചെയ്ത് ഒമാനും ഇറാനും. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ആഹ്വാനം. മേഖലയിലെ എല്ലാ കക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലുള്ള രാഷ്ട്രീയ പരിഹാരങ്ങൾ രൂപപ്പെടുത്തേണ്ടതിന്റെ അടിയന്തിര പ്രാധാന്യം ഇരുമന്ത്രിമാരും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും വാണിജ്യ കപ്പലുകളുടെ സുഗമമായ നീക്കവും ആഗോള ഊർജ വിതരണ ശൃംഖലയുടെ തടസ്സമില്ലാത്ത ഒഴുക്കും സംരക്ഷിക്കേണ്ടതുണ്ടെന്നും ഇരു നേതാക്കളും വ്യക്തമാക്കി. മേഖലയിൽ യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കി സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നാണ് ഇരുരാജ്യങ്ങളുടെയും നിലപാടെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

