Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിലെ നിക്ഷേപ സാധ്യത തേടി ‘ഇൻവെസ്റ്റേഴ്സ് മീറ്റ്’

text_fields
bookmark_border
ഒമാനിലെ നിക്ഷേപ സാധ്യത തേടി ‘ഇൻവെസ്റ്റേഴ്സ് മീറ്റ്’
cancel
camera_alt

ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ഫോറിൻ ഇൻവെസ്റ്റ്മെന്റ് കമ്മിറ്റിയും ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിംഗും സംയുക്തമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ നിന്ന് 

മസ്‌കത്ത്: ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ഫോറിൻ ഇൻവെസ്റ്റ്മെന്റ് കമ്മിറ്റിയും ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിംഗും സംയുക്തമായി നിക്ഷേപക സംഗമം സംഘടിപ്പിച്ചു. റൂവിയിലെ ഒ.സി.സി.ഐ ആസ്ഥാനത്തുള്ള അൽ ബാത്തിന ഹാളിൽ നടന്ന ചടങ്ങിൽ ബിസിനസ് രംഗത്തെ നേതാക്കൾ, നിക്ഷേപകർ, സംരംഭകർ എന്നിവർ പങ്കെടുത്തു. ഒമാനെ ആഗോള നിക്ഷേപ കേന്ദ്രമായി ഉയർത്തിക്കാട്ടുന്ന സെഷനുകൾൾ, വിദഗ്ദ്ധരുടെ അവതരണങ്ങൾ, പാനൽ ചർച്ച എന്നിവ നടന്നു.

ഒ.സി.സി.ഐ ഡയറക്ടർ ബോർഡ് സെക്കൻഡ് ഡെപ്യൂട്ടി ചെയർമാൻ എൻജിനീയർ ഹമൂദ് ബിൻ സാലിം അൽ സാദി ഉദ്ഘാടനം ചെയ്തു. ഒമാൻ വിഷൻ 2040 ലക്ഷ്യമിട്ട് സ്വകാര്യ മേഖലയുടെ വളർച്ചക്കും സുൽത്താനേറ്റിൽ മികച്ച നിക്ഷേപാന്തരീക്ഷം ഒരുക്കാനുമാണ് ചേംബർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒ.സി.സി.ഐ ബോർഡംഗവും ഫോറിൻ ഇൻവെസ്റ്റ്മെന്റ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ ലത്തീഫ് മൊയ്തീൻ കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. ഒമാന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിൽ അന്താരാഷ്ട്ര നിക്ഷേപകർ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടിയ അദ്ദേഹം, നിക്ഷേപകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും തന്ത്രപ്രധാനമായ അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പാക്കാനും സമിതി സദാസന്നദ്ധമാണെന്ന് വ്യക്തമാക്കി.

ഡെപ്യൂട്ടി ചെയർമാൻ ഡോ. ഡേവിസ് കല്ലൂക്കാരൻ സമിതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവാസി ബിസിനസ് സമൂഹത്തെ പ്രതിനിധീകരിക്കുന്നതിൽ സമിതി വഹിക്കുന്ന പങ്കിനെക്കുറിച്ചും വിശദീകരിച്ചു. ഫോറിൻ ഇൻവെസ്റ്റ്മെന്റ് കമ്മിറ്റിയുടെ നേട്ടങ്ങളെയും ചേംബറിന്റെ ഇനീഷ്യേറ്റിവായ ‘ഇൻസ്പയർ ഒമാനെയും’ പരിചയപ്പെടുത്തുന്ന വിഡിയോ അവതരണങ്ങൾ നടന്നു. ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ മുഖ്യാതിഥിയായി.

ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിൽ നിർണായകമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ലോജിസ്റ്റിക്സ്, മാനുഫാക്ചറിംഗ്, ഫുഡ് പ്രോസസ്സിംഗ്, ഡിജിറ്റൽ ഇക്കണോമി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൈനിംഗ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം നിക്ഷേപകരോട് ആഹ്വാനം ചെയ്തു. സ്മാർട്ട് ഇൻവെസ്റ്റ്‌മെന്റ് ഗേറ്റ്‌വേ സ്ഥാപകനും എം.ഡിയുമായ ഡോ. യൂസഫ് ഹമീദ് അൽ ബലൂഷി ‘ഒമാന്റെ പുതിയ വളർച്ചാ യുഗം’ എന്ന വിഷയത്തിൽ പ്രസന്റേഷൻ അവതരിപ്പിച്ചു.

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ സുഹൈൽ ഖാൻ, ഫോറിൻ ഇൻവെസ്റ്റ് കമ്മിറ്റി അംഗം ഡോ. തോമസ് അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് പാനൽ ചർച്ച നടന്നു. മലബാർ വിംഗ് കൺവീനർ നൗഷാദ് കാക്കേരി ചടങ്ങിൽ സ്വാഗതവും കോ-കൺവീനർ സിദ്ദിഖ് ഹസൻ നന്ദിയും പറഞ്ഞു. റഫീഖ് എം.എ അവതാരകനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman, investment opportunities, investors meet,
Next Story