ഒമാൻ ഗോൾഡൻ വിസ അവതരിപ്പിച്ചു കാലാവധി 10 വർഷം
text_fieldsമസ്കത്ത്: വിദേശനിക്ഷേപരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഗോൾഡൻ വിസക്ക് (‘ഗോൾഡൻ റെസിഡൻസി’ പ്രോഗ്രാം) തുടക്കം കുറിച്ച് ഒമാൻ. ഒമാൻ വിഷൻ 2040ന് അനുസൃതമായി സ്വകാര്യമേഖലയിലെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും തൊഴിലവസരത്തെ പിന്തുണക്കുന്നതിനും അറിവ് കൈമാറ്റം വർധിപ്പിക്കുന്നതിനും ദീർഘകാല നിക്ഷേപകരെയും വൈദഗ്ധ്യമുള്ള പ്രഫഷനലുകളെയും ലക്ഷ്യംവെച്ചുള്ളതാണ് ‘ഗോൾഡൻ റെസിഡൻസി’ പ്രോഗ്രാം.
നിക്ഷേപകർക്കും അവരുടെ കുടുംബങ്ങൾക്കും പുതുക്കാവുന്ന 10 വർഷത്തെ ഗോൾഡൻ വിസയാണ് നൽകുക. അപേക്ഷകർക്ക് 2,00,000 റിയാലിന് മുകളിൽ ആസ്തിയുണ്ടായിരിക്കണമെന്നത് നിബന്ധനകളിൽപെട്ടതാണ്.
അപേക്ഷകർ മാനദണ്ഡം പാലിക്കണം
താഴെ പറയുന്ന ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കുന്നവർക്ക് ഗോൾഡൻ വിസക്ക് അപേക്ഷിക്കാവുന്നതാണ്.
- കമ്പനി സ്ഥാപനം: കമ്പനി സ്ഥാപിച്ചിട്ട് കുറഞ്ഞത് ഒരു വർഷമെങ്കിലും ആകണം. അപേക്ഷകന്റെ ഓഹരി ആകെ ആസ്തികളിൽ 2,00,000 റിയാലിന് മുകളിൽ മൂല്യമുള്ളതായിരിക്കണം.
- ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളിലെ (ഐ.ടി.സി) സ്വത്ത്: പൂർത്തിയായ റെസിഡൻഷ്യൽ, വാണിജ്യ, അല്ലെങ്കിൽ ടൂറിസം യൂനിറ്റുകളുടെ ടൈറ്റിൽ ഡീഡോടുകൂടി ഉടമസ്ഥത. കമ്പനി വഴിയാണെങ്കിൽ, സാക്ഷ്യപ്പെടുത്തിയ അന്തിമ ബാലൻസ് ഷീറ്റ് ആവശ്യമാണ്.
- ഗവ. ഡെവലപ്മെന്റ് ബോണ്ടുകൾ: അപേക്ഷകന്റെ പേര് രജിസ്റ്റർ ചെയ്ത ബോണ്ടുകൾ, രണ്ട് വർഷത്തെ കാലാവധി ഉണ്ടായിരിക്കണം.
- ലിസ്റ്റഡ് ഓഹരികൾ: അപേക്ഷകന്റെ പേര് രജിസ്റ്റർ ചെയ്ത ഓഹരികളുടെ വിപണിമൂല്യം 2,00,000 റിയാലിന് മുകളിൽ ഉണ്ടായിരിക്കണം.
- നിശ്ചിത ബാങ്ക് നിക്ഷേപം: 2,00,000 റിയാലിന് മുകളിൽ അഞ്ച് വർഷത്തേക്ക് നിക്ഷേപമുണ്ടാകണം. റെസിഡൻസി കാലാവധിയിലുടനീളം അഞ്ച് വർഷത്തെ ബ്ലോക്കുകളിൽ പുതുക്കാവുന്നത്.
- 50 ലധികം ഒമാനികളെ ജോലിക്ക് നിയമിക്കുന്ന കമ്പനികൾ: 50 ലധികം ഒമാനി ജീവനക്കാരുള്ളതും 2,00,000 റിയാലിന് മുകളിൽ മൂലധനമുള്ളതുമായ കമ്പനിയുടെ ഉടമസ്ഥത.
- വിദേശ നിക്ഷേപ നിയമപ്രകാരമുള്ള കമ്പനികൾ: ഒമാന്റെ വിദേശനിക്ഷേപ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് ഒരു പങ്കാളിയെയോ മുതിർന്ന പ്രഫഷനലിനെയോ ഇൻവെസ്റ്റർ റെസിഡൻസിക്ക് നാമനിർദേശം ചെയ്യാം. കമ്പനിക്ക് 2,00,000 റിയാലിന് മുകളിൽ മൂലധനമുണ്ടായിരിക്കണം. മൂലധനത്തിന്റെ വലുപ്പമനുസരിച്ച് ഒന്നിലധികം നാമനിർദേശങ്ങൾ അനുവദനീയമാണ്.
പ്രധാന ആനുകൂല്യങ്ങൾ
- വിമാനത്താവളങ്ങളിലും അതിർത്തി പോയന്റുകളിലും ഫാസ്റ്റ്-ട്രാക്ക് ലെയ്നുകൾ
- ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സിന് (ഐ.ടി.സി) പുറത്ത് സ്വത്ത്: ഒമാനികളല്ലാത്തവർക്ക് ഉടമസ്ഥതനിഷിദ്ധമായ പ്രദേശങ്ങൾ ഒഴികെ, റെസിഡൻഷ്യൽ, വാണിജ്യ, അല്ലെങ്കിൽ വ്യവസായിക സ്വത്ത് വാങ്ങാം. ഇത് മറ്റൊരാൾക്ക് കൈമാറാം.
- മൂന്ന് ഗാർഹിക ജോലിക്കാരെ നിയമിക്കാനുള്ള അനുമതി
- ബന്ധുക്കൾക്ക് വിസിറ്റ് വിസ നൽകാനുള്ള അവകാശം
- സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾചർ ആൻഡ് എന്റർടൈൻമെന്റിൽ നടന്ന പരിപാടിയിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഗോൾഡൻ വിസ അവതരിപ്പിച്ചത്. ചടങ്ങിൽ മറ്റ് നിരവധി സുപ്രധാന സംരംഭങ്ങളുടെ അനാച്ഛാദനവും നടന്നു. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ് പങ്കെടുത്തു.മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, നിക്ഷേപകർ, സ്വകാര്യമേഖലയിലെ നേതാക്കൾ എന്നിവർ സംബന്ധിച്ചു. ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന ഒമാനി കമ്പനികളെ പ്രാദേശികമായും അന്തർദേശീയമായും വികസിപ്പിക്കുന്നതിനുള്ള എലൈറ്റ് കമ്പനീസ് ഇനിഷ്യേറ്റിവ്, ബിസിനസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിൽ തുടങ്ങിയ ഇ-ഓതന്റിക്കേഷൻ വഴിയുള്ള വാണിജ്യ രജിസ്ട്രേഷൻ ഉടമസ്ഥാവകാശ കൈമാറ്റം, നിർമാണമേഖലയെ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്ന നിരവധി തന്ത്രപരമായ കരാറുകളിലും ഒപ്പുവെച്ചു.സുസ്ഥിരവും മത്സരാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നെന്ന് നിക്ഷേപ പ്രമോഷന്റെ അണ്ടർ സെക്രട്ടറി ഇബ്തിസാം ബിൻത് അഹമ്മദ് അൽ ഫാറൂജി പറഞ്ഞു. വിദേശനിക്ഷേപങ്ങളെ ആകർഷിക്കുക മാത്രമല്ല, ഒമാനി സ്വകാര്യമേഖലയെ ശാക്തീകരിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാങ്കേതികവിദ്യകൾ പ്രാദേശികവത്കരിക്കുക, ഒരു മുൻഗണനയുള്ള ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയും ഈ പരിപാടികളുടെ ലക്ഷ്യങ്ങളാണെന്ന് അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

