ഇറാൻ-ഇസ്രായേൽ സംഘർഷം ലഘൂകരിക്കൽ; ഒമാന്റെ നയതന്ത്ര ശ്രമങ്ങൾ തുടരുന്നു
text_fieldsമസ്കത്ത്: ഇറാൻ-ഇസ്രായേൽ സംഘർഷം ലഘൂകരിക്കാൻ ഒമാന്റെ നയതന്ത്ര ശ്രമങ്ങൾ ഊർജിതമായി തുടരുന്നു. സൈനിക സംഘർഷവും രാജ്യത്തിന്റെ പരമാധികാര ലംഘനങ്ങളും നിരസിക്കുന്നതിനെതിരയെുള്ള ഉറച്ച നിലപാട് ഒമാൻ വീണ്ടും ആവർത്തിച്ച് വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗം നയതന്ത്ര പാതയിലേക്കുള്ള ഗൗരവമായ തിരിച്ചുവരവാണെന്ന് ഒമാൻ പറഞ്ഞു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി റഷ്യൻ, ചൈനീസ് പ്രതിനിധികളുമായി ഫോൺ സംഭാഷണങ്ങൾ നടത്തി. ഐക്യരാഷ്ട്രസഭയുടെ ഉടമ്പടി ലംഘിക്കുന്നതും ആണവ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയുള്ള സമീപകാല അമേരിക്കൻ-ഇറാനിയൻ ചർച്ചകൾ ഉൾപ്പെടെയുള്ള സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതുമാണ് ഇസ്രായേൽ ആക്രമമെന്ന് ഫോൺ സംഭാഷണത്തിലൂടെ സയ്യിദ് ബദർ ചൂണ്ടിക്കാട്ടി.
ശത്രുത ഉടനടി അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയും വ്യക്തമാക്കി. സൈനിക പരിഹാരം ഫലപ്രദമല്ലെന്നും നേരത്തെയുള്ള വെടിനിർത്തൽ കൈവരിക്കുന്നതിലൂടെ എല്ലാവർക്കും സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്ന വിധത്തിൽ ആണവ പ്രശ്നം പരിഹരിക്കുന്നതിനുള്ള ചർച്ചയിലേക്ക് മടങ്ങാൻ വഴിയൊരുക്കുമെന്നും മന്ത്രിമാർ പറഞ്ഞു. ഈ ആക്രമണം ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ ലംഘനമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ഈ ആക്രമണങ്ങളും അവയുടെ വികാസവും ഉടനടി നിർത്തണമെന്നും ആണവ വികിരണത്തിന്റെ അപകടസാധ്യതകൾ തടയുന്നതിന് ആണവ സൗകര്യങ്ങൾ ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒമാന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് റഷ്യൻ മന്ത്രി തന്റെ രാജ്യത്തിന്റെ നന്ദി അറിയിച്ചു.
നയതന്ത്ര ശ്രമങ്ങളുടെ പരിധിക്കു പുറത്ത് ആണവ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും ഇറാന് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ യു.എൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമ തത്ത്വങ്ങളുടെയും വ്യക്തവും നഗ്നവുമായ ലംഘനമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പറഞ്ഞു. ഒമാന്റെ നിലപാടിനോട് അദ്ദേഹം യോജിക്കുകയും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും ചർച്ച മാർഗങ്ങൾ സുഗമമാക്കുന്നതിനുമുള്ള സുൽത്താനേറ്റിന്റെ ശ്രമങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

