അധ്യയന വർഷം അവസാന പാദത്തിലേക്ക് ; ഫീസിൽ പിടിമുറുക്കി ഇന്ത്യൻ സ്കൂളുകൾ
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ അധ്യയന വർഷം നാലാം പാദത്തിലേക്ക് കടക്കുന്നു. ഇതോടെ ഫീസ് ഇനത്തിലെ കുടിശ്ശിക തീർക്കുന്നതിൽ സ്കൂൾ അധികൃതർ നടപടി കർശനമാക്കി. ഡിസംബർ വരെ ഫീസ് കുടിശ്ശികയുള്ള കുട്ടികളെ ഒാൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കുന്നതടക്കം നടപടികളാണ് സ്കൂൾ അധികൃതരുടേത്. സുഹാർ ഇന്ത്യൻ സ്കൂളിൽ ഫീസ് അടക്കാത്തവരെ ഒാൺലൈൻ ക്ലാസിൽ നിന്ന് വിലക്കിയതിന് എതിരെ രക്ഷിതാക്കൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽ പരാതി നൽകിയിട്ടുണ്ട്. ജനുവരി ആദ്യത്തിലാണ് ഫീസ് അടക്കാത്ത കുട്ടികളെ ഒാൺലൈൻ ക്ലാസുകളിൽ നിന്ന് പുറത്താക്കിയത്. ഇതേതുടർന്ന് പകുതി ഫീസ് അടച്ചവർക്ക് ക്ലാസുകൾ പുനഃസ്ഥാപിച്ച് നൽകിയിരുന്നു. ഇങ്ങനെ പകുതി ഫീസ് അടച്ചവരോട് ഫെബ്രുവരിയിൽ ബാക്കി തുകയും അടക്കണമെന്ന് ആവശ്യപ്പെട്ടതായി അറിയുന്നു. നടപ്പ് അധ്യയന വർഷം കോവിഡ് കാരണം സാധാരണ ക്ലാസുകൾ നടന്നിട്ടില്ലെങ്കിലും ഫീസിൽ കാര്യമായ കുറവ് നൽകാത്തതാണ് രക്ഷിതാക്കളുടെ പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുന്നത്.
വാദീ കബീർ ഇന്ത്യൻ സ്കൂളിലും സമാനമായ നീക്കമാണ് നടക്കുന്നത്. ഡിസംബർ വരെയുള്ള ഫീസ് കുടിശ്ശിക അടക്കാൻ ഇൗ മാസം 20 വരെയാണ് രക്ഷിതാക്കൾക്ക് സമയം നൽകിയിരിക്കുന്നത്. ഫീസ് വർധനയുണ്ടാകില്ലെന്ന വാഗ്ദാനം വെബ്സൈറ്റിൽ കാണാമെങ്കിൽ നടപ്പുവർഷം കുട്ടികൾ സ്കൂളിൽ പോവാതെത്തന്നെ കമ്പ്യൂട്ടർ ഫീ ഇനത്തിൽ മൂന്ന് റിയാലാണ് മാസം തോറും സ്കൂൾ അധികൃതർ ഇൗടാക്കുന്നത്. ഇൗ അധ്യയന വർഷത്തിലെ ആദ്യ മൂന്ന് പാദത്തിലും കുട്ടികൾ സ്കൂളിെൻറ മണം പോലും ശ്വസിച്ചിട്ടില്ല. പിന്നെ എന്തിനാണ് കമ്പ്യൂട്ടർ ഫീ എന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. കോവിഡ് ഡിസ്കൗണ്ട് എന്ന പേരിൽ നൽകുന്ന ഡിസ്കൗണ്ടും ഏറെ പരിഹാസ്യമാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. മസ്കത്ത് ഇന്ത്യൻ സ്കൂൾ അടക്കമുള്ളവയുടെ ഫീസ് പട്ടികയിൽ ഇൻഫ്രാസ്ട്രക്ചർ ഫീസ് അടക്കമുള്ളവ ഉൾപ്പെടുത്തിയിട്ടുമുണ്ട്. െഎ.എസ്.എമ്മിലടക്കം ഫീസ് കുടിശിക അടക്കാത്തവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫീസ് അടക്കാത്തവർക്കെതിരെ മുന്നറിയിപ്പില്ലാതെ തുടർ നടപടി സ്വീകരിക്കുമെന്നാണ് െഎ.എസ്.എമ്മിൽ നിന്ന് നൽകിയ സർക്കുലറിൽ ഉള്ളത്. ബിസിനസ് മേഖലയിലുള്ളവരുടെ അവസ്ഥ ഇതിലും പരിതാപകരമായിരുന്നു. കോവിഡ് പ്രതിസന്ധി കാരണം നിരവധി ബിസിനസ് സ്ഥാപനങ്ങളാണ് അടച്ചുപൂേട്ടണ്ടി വന്നത്. നല്ലൊരു ശതമാനം േപരും ഇതേ പ്രതിസന്ധിയിൽതന്നെയാണ് ഇപ്പോഴുമുള്ളത്. അതിനാൽ, ഫീസ് നൽകാൻ ബുദ്ധിമുട്ടുന്നവർക്കെതിരെ നടപടിയെടുക്കുകയും കണ്ണിൽ പൊടിയിടുന്ന ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നതിന് പകരം അവരെക്കൂടി സഹായിക്കാനുള്ള നിലപാടുകളാണ് അധികൃതർ നടത്തേണ്ടതെന്നാണ് രക്ഷിതാക്കൾ പ്രതികരിക്കുന്നത്.
ഇന്ത്യൻ സ്കൂളുകളിലെ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള മോഡൽ പരീക്ഷകൾക്ക് തുടക്കമായിട്ടുണ്ട്. ലാബുകളും ആരംഭിച്ചിട്ടുണ്ട്. കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചാണ് മോഡൽ പരീക്ഷകൾ. മേയ്, ജൂൺ മാസങ്ങളിലാണ് ഇൗ വർഷം ബോർഡ് പരീക്ഷകൾ. രക്ഷാകർത്താക്കളുടെ ജോലി നഷ്ടപ്പെട്ടും മറ്റും നാട്ടിലേക്ക് മടങ്ങേണ്ടിവന്ന കുട്ടികൾക്ക് ബോർഡ് പരീക്ഷകൾ നാട്ടിൽ എഴുതാൻ അപേക്ഷിക്കാമെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പ്രതിനിധി പറഞ്ഞു. വീടിന് അടുത്തുള്ള സി.ബി.എസ്.ഇ സ്കൂളുകളെ ഇൗ ആവശ്യമുന്നയിച്ച് സമീപിക്കുകയാണ് വേണ്ടത്. സ്കൂളുകൾ ഇവരെ പരീക്ഷക്ക് ഇരുത്താനുള്ള അനുമതിക്കായി സി.ബി.എസ്.ഇക്ക് അപേക്ഷ നൽകും. നിലവിലെ സാഹചര്യത്തിൽ സി.ബി.എസ്.ഇ ഇത്തരം അപേക്ഷകളോട് അനുഭാവപൂർണമായ സമീപനമാണ് സ്വീകരിക്കുക. അനുമതി ലഭിക്കാത്ത പക്ഷം തങ്ങളെ സമീപിക്കാവുന്നതാണെന്നും വേണ്ട സഹായങ്ങൾ ചെയ്ത് നൽകുമെന്നും ബോർഡ് പ്രതിനിധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

