ഒമാൻ ഇന്ത്യൻ സ്കൂൾ; ഡയറക്ടർ ബോർഡ് വിശദീകരണം നൽകണം - റൂവി മലയാളി അസോസിയേഷൻ
text_fieldsമസ്കത്ത്: കേരളത്തിലെ പ്രളയ ദുരിതബാധിതർക്കായി മനുഷ്യസ്നേഹത്തോടെ പിരിച്ചെടുത്ത 50 ലക്ഷം രൂപയുടെ പ്രളയ ഫണ്ട്, അതിന്റെ ലക്ഷ്യത്തിന് വിരുദ്ധമായി വകമാറ്റി ചെലവഴിച്ചതായി ആരോപിക്കപ്പെടുന്ന ഒമാൻ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന്റെ നടപടി കടുത്ത പ്രതിഷേധാർഹമാണെന്ന് റൂവി മലയാളി അസോസിയേഷൻ അറിയിച്ചു.
മനുഷ്യജീവിതങ്ങളോടും പൊതുസമൂഹത്തിന്റെ വിശ്വാസത്തോടും ബന്ധപ്പെട്ട ദുരിതാശ്വാസ നിധികളുടെ കാര്യത്തിൽ പൂർണസുതാര്യതയും ഉത്തരവാദിത്തവും അനിവാര്യമാണ്. ഫണ്ടിന്റെ മുഴുവൻ വരവ്-ചെലവ് കണക്കുകൾ ഉടൻ പൊതുസമൂഹത്തിന് മുന്നിൽവെക്കുകയും, സത്യാവസ്ഥ വ്യക്തമാക്കുകയും ചെയ്യണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
കേരളം പ്രളയത്തിൽ തകർന്ന സമയത്ത്, ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ അനുമതി നേടിയ ശേഷം ദുരിതാശ്വാസ ഫണ്ട് ശേഖരണം ആരംഭിച്ചു.
ഈ ശേഖരണത്തിന്റെ ഭാഗമാകണമെന്ന ക്ലബിന്റെ അഭ്യർഥന മാനിച്ചാണ് അന്നത്തെ ഒമാൻ ഇന്ത്യൻ സ്കൂൾ ബോർഡ് വിദ്യാർഥികളിൽനിന്നും തുക ശേഖരിച്ചത്. ആ തുകയാണ് മറ്റാവശ്യങ്ങൾക്കായി ചെലവഴിച്ചിരിക്കുന്നതെന്ന ആരോപണങ്ങളാണ് ഏറ്റവും ഗുരുതരം. ഇത് തീർത്തും പ്രതിഷേധാർഹമാണ്.
പ്രവാസി സമൂഹത്തിന്റെ വിശ്വാസം നിലനിർത്തുന്നതിനും, ഭാവിയിൽ ഇത്തരം മാനവിക പ്രവർത്തനങ്ങൾ സംശയനിഴലിലാവാതിരിക്കാനും, ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിശദീകരണം ഉടൻ പുറത്തുവിടണമെന്ന് റൂവി മലയാളി അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

