ഒമാൻ-ഇന്ത്യ വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക്
text_fieldsമസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സി.ഇ.പി.എ) കരട് രേഖ ഒമാൻ ശൂറാ കൗൺസിൽ അംഗീകരിച്ചതോടെ ഇരുരാജ്യങ്ങളുടെയും വ്യാപാര -നിക്ഷേപ ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികൾക്ക് വേഗം. കൗൺസിലിന്റെ മൂന്നാം സമ്മേളനത്തിലെ അഞ്ചാം യോഗത്തിലാണ് മന്ത്രിസഭ ശിപാർശ ചെയ്ത കരാറിന്റെ കരടിന് അംഗീകാരം നൽകിയത്. തുടർന്ന് കരാർ മന്ത്രിസഭയുടെ തുടർ നടപടിക്കായി റഫർ ചെയ്തു. യോഗത്തിൽ കൗൺസിൽ ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ അൽ മഅ് വാലി അധ്യക്ഷതവഹിച്ചു. സി.ഇ.പി.എ കരട് കരാറും അതു സംബന്ധിച്ച സാമ്പത്തിക സമിതിയുടെ വിശദമായ റിപ്പോർട്ടുമായിരുന്നു യോഗത്തിലെ പ്രധാന ചർച്ച.
വ്യാപാര-വ്യവസായ- നിക്ഷേപ പ്രോത്സാഹന വകുപ്പു മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫിനെയും സാങ്കേതിക ചർച്ചാസംഘത്തെയും കൗൺസിൽ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. കരാറിന്റെ സാമ്പത്തിക -നിക്ഷേപ സാധ്യതകളും പ്രാദേശിക വിപണിയിൽ വരുത്തുന്ന സ്വാധീനവും നടപ്പാക്കുന്നതിന്റെ മുന്നൊരുക്കവും വിശദമായി വിലയിരുത്തുകയായിരുന്നു കൂടിക്കാഴ്ചകളുടെ ലക്ഷ്യം.
കരാർ പ്രാദേശിക വിപണിയിൽ സൃഷ്ടിക്കാവുന്ന പ്രതിഫലനങ്ങളും ദേശീയ സമ്പദ്വ്യവസ്ഥക്ക് പുതിയ അവസരങ്ങൾ രൂപപ്പെടുത്താനുള്ള സാധ്യതയും കരാറിലെ വെല്ലുവിളികൾ തുടങ്ങിയ നിർണായക കാര്യങ്ങൾ സമിതി വിലയിരുത്തി. കരാർ പ്രാദേശിക വ്യവസായങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും അവ കുറക്കാനുള്ള തന്ത്രങ്ങളും കൗൺസിൽ വിലയിരുത്തി. ഒമാന്റെ വികസന മുൻഗണനകൾക്ക് അനുയോജ്യമായ രൂപത്തിൽ കരാർ നടപ്പാക്കുകയും ഒമാനി ഉൽപന്നങ്ങളുടെ പ്രാദേശിക -ആഗോള വിപണി സാന്നിധ്യം ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധശേഷി ഉയർത്തുകയും ചെയ്യണമെന്നാണ് കൗൺസിൽ അംഗങ്ങളുടെ നിലപാട്.
സജീവമായ ചർച്ചകൾക്ക് ശേഷം ശൂറാ കൗൺസിൽ സി.ഇ.പി.എ കരട് അംഗീകരിച്ചു. ചുങ്കം, തീരുവ, മറ്റു വ്യാപാര തടസ്സങ്ങൾ എന്നിവ കുറക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനൊപ്പം ഇരുരാജ്യങ്ങളിലെ ബിസിനസുകൾക്ക് വിപണി പ്രവേശനം സുഗമമാക്കുകയും ചെയ്യുന്നതിലൂടെ ദ്വികക്ഷി വ്യാപാരം വിപുലപ്പെടുത്തുകയാണ് നിർദിഷ്ട കരാറിന്റെ പ്രധാന ലക്ഷ്യം.
ഒരാഴ്ചക്കകം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനിലെത്തുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 17, 18 തീയതികളിലാണ് പ്രധാനമന്ത്രിയുടെ വരവ് പ്രതീക്ഷിക്കുന്നത്. 2014ൽ അധികാരത്തിൽ എത്തിയതിനുശേഷം ഒമാനിലേക്കുള്ള മോദിയുടെ രണ്ടാമത്തെ സന്ദർശനമാവും ഇത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾ ഇരുപക്ഷവും ഈ വർഷം ആദ്യം പൂർത്തിയാക്കിയിരുന്നു. ഒമാനിന് പുറമെ, ജോർഡനും മോദി സന്ദർശിക്കുമെന്നറിയുന്നു. നയതന്ത്രപരമായി ജോർഡനിലേക്കുള്ള ആദ്യ സന്ദർശനമാവും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

