ആർക്കൈവ്സ് മാനേജ്മെന്റിലെ സഹകരണം; ഒമാനും ഇന്ത്യയും ഒപ്പുവെച്ചു
text_fieldsആർക്കൈവ്സ്, ചരിത്ര ഡോക്യുമെന്റേഷൻ മേഖലയിലെ സഹകരണത്തിനായുള്ള എക്സിക്യൂട്ടിവ് പ്രോഗ്രാമിൽ ഒമാനും ഇന്ത്യയും ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: ആർക്കൈവ്സ്, ചരിത്ര ഡോക്യുമെന്റേഷൻ മേഖലയിലെ സഹകരണത്തിനായുള്ള എക്സിക്യൂട്ടിവ് പ്രോഗ്രാമിൽ ഒമാനും ഇന്ത്യയും ഒപ്പവെച്ചു.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രേഖകളുടെയും ആർക്കൈവുകളുടെയും നടത്തിപ്പിലും സംരക്ഷണത്തിലും സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന കരാറിൽ നാഷനൽ റെക്കോഡ്സ് ആൻഡ് ആർക്കൈവ് അതോറിറ്റി (എൻ.ആർ.എ.എ) ചെയർമാൻ ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ ധോയാനിയും നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ അരുൺ സിംഗാളും ആണ് ഒപ്പിട്ടത്.രേഖകളുടെ കൈമാറ്റം, പകർത്തൽ, ചരിത്രപരമായ കൈയെഴുത്തുപ്രതികളുടെയും പുസ്തകങ്ങളുടെയും സംരക്ഷണം, സാംസ്കാരിക, സാഹിത്യ, ചരിത്ര കൃതികളുടെ പ്രസിദ്ധീകരണത്തിലെ സഹകരണം എന്നിവയുൾപ്പെടെ വിപുലമായ സഹകരണ ശ്രമങ്ങൾ കരാറിൽ വരുന്നുണ്ട്.
ശേഷി വർധിപ്പിക്കുക, വൈദഗ്ദ്ധ്യം പങ്കിടുക, ശാസ്ത്രീയ ഗവേഷണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ ആർക്കൈവ്സ് മാനേജ്മെന്റ് മേഖലയിൽ സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നതും ഇതിന്റെ ഭാഗമായി വരുന്നുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ചരിത്രപരവും സാംസ്കാരികവുമായ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സംയോജിത ആർക്കൈവ്സ് സംവിധാനത്തിനായുള്ള ഒമാന്റെ കാഴ്ചപ്പാടിനെ പിന്തുണക്കാൻ ഈ പരിപാടി സഹായിക്കുമെന്ന് ഡോ. ഹമദ് ധോയാനി വിശദീകരിച്ചു.
ഇരു രാജ്യങ്ങളുടെയും സമ്പന്നമായ നാഗരിക ചരിത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ സാങ്കേതിക പിന്തുണശേഷി വർധിപ്പിക്കൽ, സംരംഭങ്ങൾ, കൈയെഴുത്തുപ്രതികളുടെ കൈമാറ്റം എന്നിവക്ക് വളരെ അധികം പ്രാധാന്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരികവും നാഗരികവുമായ കൈമാറ്റത്തിന് കരാർ പുതിയ വഴികൾ തുറക്കുമെന്ന് അരുൺ സിംഗാൾ ചൂണ്ടിക്കാട്ടി.
നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ വിശാലമായ ശേഖരങ്ങളുടെ ഗവേഷണവും പര്യവേക്ഷണവും ഇന്ത്യയിൽ വിലപ്പെട്ട ഒമാനി രേഖകൾ കണ്ടെത്തുന്നതിന് കാരണമാകും.
അതുപോലെ തന്നെ, ഒമാനിലെ ഇന്ത്യൻ ആർക്കൈവുകളും പരിശോധിച്ച് സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ ബിൻ സാലിഹ് അൽ ഷൈബാനി ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

