ഫിഫ ലോക റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്തി ഒമാൻ
text_fieldsഒമാൻ ഫുട്ബാൾ ടീം
മസ്കത്ത്: ഫിഫ ലോക റാങ്കിങ്ങിൽ ഒരുസ്ഥാനം മെച്ചപ്പെടുത്തി ഒമാൻ. ആഗസ്റ്റിലെ ഫിഫ റാങ്കിങ്ങിൽ 78ാം സ്ഥാനത്താണ് റെഡ്വാരിയേഴ്സ്. 5.93 പോയന്റ് വർധിച്ച് 1320.34 പോയന്റാണ് ഒമാനുള്ളത്. കാഫ നാഷൻസ് കപ്പിലെ മികച്ച പ്രകടനമാണ് ഒമാന് തുണയായത്. ഗ്രൂപ് ഘട്ടത്തിലെ ഒരു മത്സരത്തിലും ഒമാൻ തോൽവി അറിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തിൽ തുർക്മെനിസ്താനെ 2-1ന് ആണ് തോൽപ്പിച്ചത്. രണ്ടാം കളിയിൽ കിർഗിസ്താനെ അതേ സ്കോറിന് പരാജപ്പെടുത്തിപ്പോൾ മൂന്നാം മത്സരത്തിൽ ഉസ്ബകിസ്താനോട് 1-1 സമനില വഴങ്ങുകയായിരുന്നു.
ലോകകപ്പ് യോഗ്യത മത്സരങ്ങളാണ് ഒമാന് ഇനി മുന്നിലുള്ളത്. പുതിയ കോച്ച് കാർലോസ് ക്വിറോസിന് കീഴിൽ ഇതിനുള്ള തയാറെടുപ്പിലാണ് ഒമാൻ. ഗ്രൂപ് എയിൽ ഖത്തർ, യു.എ.ഇ എന്നിവർക്കൊപ്പമാണ് ഒമാൻ. ഗ്രൂപ്പ് ബിയിൽ സൗദി അറേബ്യ, ഇറാഖ്, ഇന്തോനേഷ്യ എന്നിവരാണുൾപ്പെടുന്നത്. ഗ്രൂപ് എയിലെ മത്സരങ്ങൾ ഖത്തറിലും ഗ്രൂപ് ബിയിലെ മത്സരങ്ങൾക്ക് സൗദി അറേബ്യയിലുമായിരിക്കും നടക്കുക. ഒക്ടോബർ എട്ടുമുതൽ 14 വരെയാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഗ്രൂപ് ജേതാക്കൾ ലോകകപ്പിന് യോഗ്യത നേടും. എന്നാൽ ഒരു ടീമിന് കൂടി സാധ്യത ഉണ്ട്. നാലാം റൗണ്ടിൽ രണ്ട് ഗ്രൂപ്പിലും രണ്ടാം സ്ഥാനത്തുവരുന്ന ടീമുകൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടി ജേതാക്കളാകുന്നവർക്ക് ഇന്റർ കോൺഫെഡറേഷൻ ജേതാക്കളാകുന്ന ടീമുമായി ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരിച്ചു ജയിച്ചാൽ അവർക്കും ലോകകപ്പ് കളിക്കാം. അതുകൊണ്ടുതന്നെ ലോകകപ്പ് ഫുട്ബാളിൽ പന്ത് തട്ടുക എന്ന സുൽത്താനേറ്റിന്റെ ചിരകാലാഭിലാഷം ഇപ്രാവശ്യം പൂവണിയാൻ സാധ്യത ഏറെയാണെന്നാണ് ആരാധകർ കരുതുന്നത്. ഗ്രൂപ്പിലുള്ള ഖത്തറും യു.എ.ഇയും ശക്തരാണെങ്കിലും തങ്ങളുടേതായ ദിനത്തിൽ ഇരുടീമുകളെയും അട്ടിമറിക്കാനുള്ള കരുത്ത് റെഡ്വാരിയേഴ്സിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

