പരസ്യ സന്ദേശങ്ങൾക്കും കോളുകൾക്കും ഒമാനിൽ കർശന നിയന്ത്രണം; ലംഘിച്ചാൽ 30,000 റിയാൽ വരെ പിഴ
text_fieldsമസ്കത്ത്: ഒമാനിലെ ടെലികോം ഉപഭോക്താക്കളുടെ സ്വകാര്യതയും വിവര സുരക്ഷയും ഉറപ്പാക്കുന്നതിനായി വിപ്ലവാത്മകമായ പുതിയ നിയന്ത്രണങ്ങളുമായി ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി. അനാവശ്യ പരസ്യ സന്ദേശങ്ങൾ, പ്രൊമോഷനൽ കോളുകൾ, തട്ടിപ്പ് രീതികൾ എന്നിവ തടയുക എന്ന ലക്ഷ്യവുമായി അതോറിറ്റി പുതിയ നിയമം ( 1511/25/2/36/2026) പുറപ്പെടുവിച്ചു. ടെലികോം കമ്പനികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമായ പുതിയ നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ കുറ്റത്തിന്റെ തീവ്രത അനുസരിച്ച് 500 ഒമാനി റിയാൽ മുതൽ 30,000 ഒമാനി റിയാൽ വരെ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ പിഴ തുക ഇനിയും വർധിക്കും. വാണിജ്യ ആവശ്യങ്ങളെ മാനിക്കുന്നതോടൊപ്പം തന്നെ ഉപഭോക്താക്കളുടെ സ്വകാര്യതക്കും സുരക്ഷക്കും മുൻഗണന നൽകുന്ന അന്തരീക്ഷം ഒമാനിൽ സൃഷ്ടിക്കുകയാണ് ഈ പുതിയ ചട്ടത്തിലൂടെ ടി.ആർ.എ ലക്ഷ്യമിടുന്നത്.
ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെ:
ഡാറ്റ സംരക്ഷണം: അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ആഭ്യന്തര-അന്തർദേശീയ കമ്പനികൾക്കോ ഇടനിലക്കാർക്കോ കൈമാറാൻ പാടില്ല.
നിശ്ചിത സമയക്രമം: പരസ്യ സന്ദേശങ്ങളും കോളുകളും ഒമാൻ സമയം രാവിലെ എട്ടു മുതൽ രാത്രി ഒമ്പതു വരെ മാത്രമേ പാടുള്ളൂ. അല്ലാത്ത സമയങ്ങളിൽ ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നത് കുറ്റകരമാണ്.
കമ്പനികളുടെ പേര് വ്യക്തമാക്കണം: പ്രൊമോഷനൽ സന്ദേശങ്ങൾ അയക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ നിയമപരമോ വാണിജ്യപരമോ ആയ പേര് സന്ദേശത്തിൽ വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം.
ഒപ്റ്റ് ഔട്ട് അവകാശം: ഇത്തരം പരസ്യ സന്ദേശങ്ങളും കോളുകളും വാല്യൂ ആഡഡ് സേവനങ്ങളും ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും സൗജന്യമായി ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം കമ്പനികൾ ഒരുക്കണം. ബ്ലോക്ക് ചെയ്ത ശേഷവും സന്ദേശങ്ങൾ വന്നാൽ പരാതിപ്പെടാം.
വ്യാജ സന്ദേശങ്ങൾക്ക് പൂട്ട്: അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള വ്യാജ സന്ദേശങ്ങളും ഐഡി മാറ്റിയുള്ള (സ്പൂഫിങ്) തട്ടിപ്പുകളും തടയാൻ കമ്പനികൾ അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

