ഒമാനിൽ ഇറക്കുമതി വില സൂചികയിൽ കുതിപ്പ്; വർധന 11.7 ശതമാനം
text_fieldsമസ്‌കത്ത്: ഒമാനിൽ ഇറക്കുമതി വില സൂചികയിൽ 2026ലെ രണ്ടാം പാദത്തിൽ 11.7 ശതമാനം വർധന. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് വർധന. ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ ഇറക്കുമതി വില സൂചിക രണ്ട് ശതമാനം ഉയർന്നു. ഇന്ധന വിഭാഗത്തിലാണ് ഏറ്റവും ഉയർന്ന വിലവർധന രേഖപ്പെടുത്തിയത്.
നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ധാതു ഇന്ധനങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വിലയിൽ 45.5 ശതമാനം വർധനവുണ്ടായി. സസ്യ-ജന്തു എണ്ണകൾ, കൊഴുപ്പുകൾ, മെഴുക് എന്നിവയുടെ വില 16 ശതമാനവും രാസവസ്തുക്കളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും വില 11.6 ശതമാനവും ഉയർന്നു.
ഭക്ഷ്യേതര അസംസ്കൃത വസ്തുക്കളുടെ വിലയിൽ 8.3 ശതമാനവും പ്രധാനമായും വസ്തുക്കളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച നിർമിത ഉൽപന്നങ്ങളുടെ വിലയിൽ 7.1 ശതമാനവും വർധനവുണ്ടായി. പാനീയങ്ങൾ, പുകയില എന്നിവയുടെ വില 6.5 ശതമാനവും ഭക്ഷ്യവസ്തുക്കളുടെയും ജീവജാലങ്ങളുടെയും വിഭാഗത്തിൽ 1.1 ശതമാനവും ഉയർന്നു. യന്ത്രസാമഗ്രികൾ, ഗതാഗത ഉപകരണങ്ങൾ എന്നിവയുടെ വിലയിൽ ഒരു ശതമാനം വർധന രേഖപ്പെടുത്തി. അതേസമയം, വിവിധ നിർമിത ഉൽപന്നങ്ങളുടെ വില 2.9 ശതമാനം കുറഞ്ഞു.
2026ലെ ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ ധാതു ഇന്ധനങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വില 21.1 ശതമാനം ഉയർന്നു. പാനീയങ്ങൾ, പുകയില എന്നിവയുടെ വിലയിൽ 13.8 ശതമാനവും രാസവസ്തുക്കളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിലയിൽ 12.5 ശതമാനവും വർധനവുണ്ടായി.
ഇതേ നിരക്കിൽ പ്രധാനമായും വസ്തുക്കളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച നിർമിത ഉൽപന്നങ്ങളുടെ വിലയും ഉയർന്നു. സസ്യ-ജന്തു എണ്ണകൾ, കൊഴുപ്പുകൾ, മെഴുക് എന്നിവയുടെ വില 11.7 ശതമാനവും വർധിച്ചു.അതേസമയം, യന്ത്രസാമഗ്രികൾ, ഗതാഗത ഉപകരണങ്ങൾ എന്നിവയുടെ വില 12.8 ശതമാനം കുറഞ്ഞു.
ഭക്ഷ്യേതര അസംസ്കൃത വസ്തുക്കളുടെ വിലയിൽ 8.7 ശതമാനവും വിവിധ നിർമിത ഉൽപന്നങ്ങളുടെ വിലയിൽ ഒരു ശതമാനവും കുറവുണ്ടായി. ഭക്ഷ്യവസ്തുക്കളുടെയും ജീവജാലങ്ങളുടെയും വിഭാഗത്തിൽ 0.3 ശതമാനമാണ് വിലയിടിവ് രേഖപ്പെടുത്തിയത്.

