ഒമാൻ ഹോക്കി കാർണിവൽ സമാപിച്ചു
text_fieldsഹോക്കി ഒമാനും യു.ടി.എസ്.സിയും സംയുക്തമായി സംഘടിപ്പിച്ച ഒമാൻ ഹോക്കി കാർണിവലിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ നൃത്തപരിപാടി
മസ്കത്ത്: ഹോക്കി ഒമാനും യു.ടി.എസ്.സിയും സംയുക്തമായി സംഘടിപ്പിച്ച ഒമാൻ ഹോക്കി കാർണിവൽ സമാപിച്ചു. അന്തർദേശീയ വനിത ടൂർണമെന്റിൽ ഹസിൽ ഹോക്ക് കൊച്ചിയെ പെനാൽറ്റിയിൽ 2-1ന് തോൽപ്പിച്ച് ഇന്ത്യ റഷ് മുംബൈ കിരീടം നേടി. മുഴുവൻ സമയത്തും 2-2 സമനില പാലിച്ചതോടെയാണ് കളി പെനാൽറ്റിയിലേക്ക് നീങ്ങിയത്. ഗൾഫ് ഹോക്കി ഫിയസ്റ്റ പുരുഷവിഭാഗത്തിൽ ടീം കൂർഗ് ഒമാൻ യു.ടി.എസ്.സിയെ 6-3ന് പരാജയപ്പെടുത്തി കപ്പ് നേടി. മാസ്റ്റേഴ്സ് മെൻസ് വിഭാഗത്തിൽ ഒമാൻ വെറ്ററൻസിനെ 4-2ന് തോൽപ്പിച്ച് യു.ടി.എസ്.സി ജേതാക്കളായി.
ഹോക്കി ഒമാനും യു.ടി.എസ്.സിയും സംയുക്തമായി ആമിറാത്ത് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഒമാൻ ഹോക്കി കാർണിവലിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടി
അണ്ടർ-18 ആൺകുട്ടികളുടെ വിഭാഗത്തിൽ അൽ അമറത്ത് ക്ലബിനെ 7-2ന് പരാജയപ്പെടുത്തി അഹ്ലി സിദാബ് കപ്പടിച്ചു. അണ്ടർ-18 പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ അൽ സീബ് വിജയികളായി. മസ്കറ്റ് ക്ലബിനെ ഒന്നിനെതിരെ ഏഴുഗോളുകൾക്കാണ് തോൽപ്പിച്ചത്. അണ്ടർ-14 ആൺകുട്ടികളുടെ വിഭാഗത്തിൽ ഖുറിയാത്ത് ക്ലബിനെ 6-4ന് മസ്കറ്റ് ക്ലബ് പരാജയപ്പെടുത്തി. കേരളത്തിൽനിന്ന് മൂന്ന് ടീമുകൾ മത്സരിക്കാനെത്തിയിരുന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന കാർണിവൽ വിജയകരമായ ഹോക്കി ഉത്സവങ്ങളിലൊന്നായി മാറി.
ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് ഉദ്ഘാടനം നിർവഹിച്ചു. സമാപനചടങ്ങിൽ ഹോക്കി ഒമാൻ ചെയർമാൻ ഡോ. മർവാൻ ജുമ അൽ ജുമ, സെക്രട്ടറി അഹ്മദ് അൽ ധമാക്കി, കായിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ഹോക്കി ഒമാൻ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കാർണിവലിന്റെ ഭാഗമായി 600 വനിതകൾ അണിനിരന്ന മെഗാ നൃത്തം ഉൾപ്പെടെ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി. കുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദവുമായി ഫാൻ വില്ലേജ് ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

