ഇൻറർ സ്കൂൾ ടൂർണമെൻറുമായി ഒമാൻ ഹോക്കി അസോസിയേഷൻ
text_fieldsഒമാൻ ഹോക്കി അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: അടുത്തവർഷം ജനുവരിയിൽ ഇൻറർ സ്കൂൾ ഹോക്കി ടൂർണമെൻറ് സംഘടിപ്പിക്കുമെന്ന് ഒമാൻ ഹോക്കി അസോസിയേഷൻ(ഒ.എച്ച്.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അടുത്തിടെ ഒമാൻ ടീം നടത്തിയ മുന്നേറ്റത്തിന്റെ കൂടി ഭാഗമായാണ് ടൂർണമെന്റ് ഒരുക്കുന്നതെന്ന് ഒ.എച്ച്.എ ചെയർമാൻ ഡോ. മർവാൻ ബിൻ ജുമാ അൽ ജുമ പറഞ്ഞു.
ഈ വർഷത്തെ ഫൈവ്സ് ലോകകപ്പ് ഹോക്കിയിൽ ഒമാൻ ടീം വെങ്കല മെഡൽ നേടിയിരുന്നു. ഇത് ഹോക്കിയിൽ ഒമാന്റെ താൽപര്യത്തെ സ്ഥിരീകരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സ്പോർട്സിനെ പ്രോത്സാഹിപ്പിക്കാനും ഒമാനിലെ സ്വകാര്യ സ്കൂളുകളിൽനിന്നും വിവിധ കമ്യൂണിറ്റികളിൽനിന്നുമുള്ള വിദ്യാർഥികൾക്ക് മത്സരിക്കാൻ അവസരമൊരുക്കാനുമാണ് ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒ.എച്ച്.എ വൈസ് പ്രസിഡൻറ് മദിയൻ അഹ്മദ് ബൈത്ത് ഹബ്ദ പറഞ്ഞു. ഹോക്കി പ്രതിഭകളെ കണ്ടെത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും ടൂർണമെന്റ് സഹായകമാകുമെന്നും അദ്ദേഹം സൂചിപിച്ചു.
ഒ.എച്ച്.എ സ്കൂൾ ടീമുകൾക്ക് സാങ്കേതികവും ഭരണപരവുമായ പിന്തുണ നൽകും.
പരിശീലന കോഴ്സുകൾ സംഘടിപ്പിക്കുക, മേൽനോട്ടവും തുടർനടപടികളും വാഗ്ദാനം ചെയ്യുക, പ്രത്യേക ടൂർണമെൻറുകളും മത്സരങ്ങളും ക്രമീകരിക്കുക, അവശ്യ ഗെയിം ഉപകരണങ്ങൾ വിതരണം ചെയ്യുക, ടീമുകൾക്ക് പരിശീലകരെ നൽകുക എന്നിവ ഇതിലുൾപ്പെടും. ടീമുകളുടെ പുരോഗതി നിരീക്ഷിക്കാൻ ഒ.എച്ച്.എയിൽ നിന്നുള്ള സാങ്കേതിക, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫിനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

