കോംഗോ പനി ബാധിച്ച് ഇൗ വർഷം മരിച്ചത് മൂന്നുപേർ
text_fieldsമസ്കത്ത്: കോംഗോ പനി അഥവാ ക്രീമിയൻ കോംഗോ ഹെമറോജിക് ഫീവർ ബാധിച്ച് ഒമാനിൽ ഇൗ വർഷം ഇതുവരെ മൂന്നുപേർ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധയേറ്റത് ഒമ്പത് പേർക്കാണ്. ബാക്കി ആറുപേർ ചികിത്സയിൽ കഴിയുകയാണ്.
രോഗബാധയേറ്റതിൽ അഞ്ചുപേർ വിദേശികളാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം മരണപ്പെട്ടവർ സ്വദേശികളാണോ വിദേശികളാണോയെന്നത് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷം കോംഗോ പനി ബാധിച്ച് മരണപ്പെട്ടത് ഏഴുപേരാണ്. വർഷത്തിെൻറ ആദ്യപാദത്തിൽ മൂന്നുപേരിൽ മാത്രമാണ് രോഗബാധ കണ്ടെത്തിയിരുന്നത്. വളർത്തുമൃഗങ്ങളുടെ ശരീരത്തിലെ ചെള്ളുകളിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നതെന്നതിനാൽ രോഗബാധ നിയന്ത്രിക്കാൻ തെക്ക്, വടക്ക് ശർഖിയ ഗവർണറേറ്റുകളിലെ നിരവധി കന്നുകാലി വളർത്തുകേന്ദ്രങ്ങൾ അടച്ചിട്ടിരുന്നു.
ആടുമാടുകളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതടക്കം നടപടികൾ കാർഷിക, ഫിഷറീസ് മന്ത്രാലയം കൈക്കൊണ്ടിട്ടുണ്ട്. ഇതനുസരിച്ച് അറുക്കുന്ന ആവശ്യത്തിനായി കന്നുകാലികളെ ഇറക്കുമതി ചെയ്യാൻ ഒമാനി പൗരന്മാർക്ക് മാത്രമാണ് അനുവാദമുള്ളത്. പ്രജനനത്തിനും വളർത്തുന്നതിനുമായി കന്നുകാലികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുമുണ്ട്.
വളർത്തുമൃഗങ്ങളുടെ ശരീരത്തിലെ ചെള്ളുകൾക്ക് പുറമെ രോഗബാധിതമായ മൃഗത്തിെൻറ രക്തം, ശരീരസ്രവങ്ങൾ, അവയവങ്ങൾ എന്നിവ സ്പർശിക്കുന്നതിലൂടെയും രോഗം മനുഷ്യരിലേക്ക് പടരാം. പനി, പേശീവേദന, ഓക്കാനം, ഛർദി, അടിവയർ വേദന, വയറിളക്കം, രക്തസ്രാവം എന്നിവയാണ് കോംഗോ പനിയുടെ ലക്ഷണങ്ങൾ. രോഗം പടർന്ന് നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ സാധാരണ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്.
രോഗമുണ്ടായി ഉടൻ ചികിത്സ തേടുന്നതിലൂടെ മാത്രമേ മരണസാധ്യത കുറക്കാൻ കഴിയൂ. രോഗത്തിന് ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വൈറസ് ബാധയേറ്റവർ മരണപ്പെടാൻ 37.5 ശതമാനം സാധ്യതയാണ് ഉള്ളതെന്നും ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.
കന്നുകാലികളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർ ഗൗണുകൾ, കൈയുറകൾ, നീളമുള്ള ഷൂസ്, കണ്ണടകൾ എന്നിവ ധരിക്കുന്നത് രോഗബാധയുണ്ടാകാതിരിക്കാൻ സഹായിക്കും. ഫാമുകളിൽനിന്നും മറ്റും മൃഗങ്ങളെ വാങ്ങുന്നവർ ചെള്ളുകളുടെ സാന്നിധ്യമില്ലാത്തവ നോക്കി വാങ്ങുകയും വേണം. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുകയാണെന്ന് കാർഷിക^ഫിഷറീസ് മന്ത്രാലയം അറിയിച്ചു.
കോംഗോ പനി വൈറസിെൻറ വ്യാപനം എങ്ങനെ തടയാം എന്നതിനെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും നടപടികൾ എടുത്തിട്ടുണ്ട്. ഒമാനിൽ 1995ലാണ് ആദ്യമായി കോംഗോ പനിബാധ കണ്ടെത്തിയത്. പിന്നീടുള്ള വർഷങ്ങളിൽ ഏറിയും കുറഞ്ഞും രോഗബാധ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
