പകർച്ചവ്യാധിയിതര രോഗപ്രതിരോധം: ഒമാൻ സ്വീകരിച്ച നടപടികൾക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ
text_fieldsസംഘടനയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് നേട്ടങ്ങളെ അഭിനന്ദിക്കുന്നത്
മസ്കത്ത്: ഹൃദ്രോഗം, ശ്വാസകോശ രോഗം, കാൻസർ, പ്രമേഹം തുടങ്ങി പകർച്ചവ്യാധിയിതര രോഗങ്ങളുടെ പ്രതിരോധത്തിന് ഒമാൻ കൈക്കൊണ്ട നടപടികൾക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. സംഘടനയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പൊതുജനാരോഗ്യരംഗത്തെ ഒമാെൻറ നേട്ടങ്ങളെ അഭിനന്ദിക്കുന്നത്.
2015 മുതൽ പ്രധാന ബേക്കറികളിൽ ഉൽപാദിപ്പിക്കുന്ന ബ്രെഡിലെ ഉപ്പിെൻറ അംശം പത്തു ശതമാനം വീതം കുറക്കാനുള്ള തീരുമാനം സർക്കാർ തലത്തിൽ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞു. കഴിഞ്ഞവർഷം മുതൽ ഉപ്പിെൻറ അംശത്തിൽ 20 ശതമാനത്തിെൻറ കുറവാണ് വരുത്തിയത്. പാൽക്കട്ടിയിലെ ഉപ്പുകുറക്കാനുള്ള തീരുമാനവും കഴിഞ്ഞവർഷം മുതൽ നടപ്പാക്കി. ഭക്ഷണസാധനങ്ങളിലെ ഉപ്പിെൻറയും കൊഴുപ്പിെൻറയും അളവുകുറക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിലയിരുത്താനും നിരീക്ഷിക്കാനും ആരോഗ്യമന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ദേശീയതല സംഘത്തിന് രൂപം നൽകി. ഉപ്പിെൻറ ഉപഭോഗം സംബന്ധിച്ച അടിസ്ഥാന വിലയിരുത്തലിന് ഇൗ നടപടികളെല്ലാം തന്നെ സഹായകരമാകുമെന്നും ലോകാരോഗ്യ സംഘടന ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
പകർച്ചവ്യാധിയിതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമിട്ടുള്ള പരിപാടികൾക്ക് സമഗ്ര പിന്തുണ നൽകാൻ ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്ത രാഷ്ട്രങ്ങളിൽ ഉൾപ്പെടുന്നതാണ് ഒമാനും. 2025ഒാടെ ഇത്തരം രോഗങ്ങൾ മൂലമുള്ള മരണത്തിൽ 25 ശതമാനത്തിെൻറ കുറവുവരുത്തുകയാണ് കർമപദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കമ്യൂണിറ്റി ഹെൽത്ത് പ്രൊമോഷൻ പദ്ധതിയുടെ മാർഗനിർദേശത്തിലാണ് കർമപദ്ധതിയുടെ നടത്തിപ്പ് പുരോഗമിക്കുന്നത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, റീജനൽ മുനിസിപ്പാലിറ്റികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുമായി സഹകരിക്കുന്നത്. നിസ്വ പ്രോജക്ടിെൻറ ഭാഗമായി ഇൗ വർഷം ആദ്യം മുതൽ നടപ്പാക്കിയ രണ്ടു പദ്ധതികൾ പ്രത്യേക അഭിനന്ദനം അർഹിക്കുന്നതാണെന്നും ലേഖനം പറയുന്നു. പരമ്പരാഗത മാർക്കറ്റിലെ പുകയില രഹിത മാർക്കറ്റ് പദ്ധതിയും ആരോഗ്യകരമായ ഭക്ഷണം വിളമ്പുന്ന റസ്റ്റാറൻറ് പദ്ധതിയുമാണിത്. നിസ്വയിൽ നടപ്പാക്കിയ ആരോഗ്യകരമായ ഭക്ഷണം പദ്ധതി ഒമാനിലെ ആദ്യത്തേതും കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ തന്നെ അപൂർവ പദ്ധതിയുമാണ്.
മൂന്നു റസ്റ്റാറൻറുകളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് കുറഞ്ഞ അളവിൽ ഉപ്പും കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളാണ് ഇവിടെ വിൽപന നടത്തുന്നത്. ആരോഗ്യകരമായ ഭക്ഷണം തയാറാക്കുന്നതിനെ കുറിച്ച് ജീവനക്കാർക്ക് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് ലേഖനത്തിൽ പറയുന്നു. ഇത്തരം നടപടികളെ കുറിച്ചുള്ള വിവരങ്ങൾ യുവതലമുറയിലേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ട്.
ആരോഗ്യ വിദ്യാഭ്യാസം കരിക്കുലത്തിൽ ഉൾപ്പെടുത്തിയത് ഇൗ ദിശയിലുള്ള നല്ല ചുവടുവെപ്പാണെന്നും ലേഖനം സൂചിപ്പിക്കുന്നു. ഭക്ഷണസാധനങ്ങളിലെ പ്രത്യേകിച്ച് ഒമാനി ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്ന പാം ഒായിലിലെ പൂരിത കൊഴുപ്പിെൻറ അളവ് കുറക്കുന്നതിനുള്ള നിർദേശമാണ് ഒമാൻ ആരോഗ്യവകുപ്പ് അടുത്തതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. മികച്ച ഭരണനേതൃത്വത്തിെൻറ ഇടപെടലിന് ഒപ്പം സമൂഹത്തിെൻറ എല്ലാ തലങ്ങളെയും ഉൾക്കൊള്ളിച്ചുള്ള പ്രവർത്തനത്തിെൻറ ഫലമായാണ് പകർച്ചവ്യാധിയിതര രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഒമാന് ഇത്രയേറെ നേട്ടം കൈവരിക്കാൻ സഹായകരമായതെന്നും ലേഖനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
