ഒമാൻ ഹെൽത്ത് എക്സ്പോക്ക് ഉജ്ജ്വല തുടക്കം
text_fieldsഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഹെൽത്ത് എക്സ്പോയിൽനിന്ന്
മസ്കത്ത്: രാജ്യത്തെ ആരോഗ്യമേഖലക്ക് കരുത്തുപകർന്ന് ഒമാൻ ഹെൽത്ത് എക്സിബിഷനും കോൺഫറൻസിനും തുടക്കമായി. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന 14ാമത് ഹെൽത്ത് എക്സ്പോ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭരണ-സാമ്പത്തികകാര്യ അണ്ടർസെക്രട്ടറി ഷെയ്ഖ് ഖാലിദ് ഹാഷിൽ അൽ മുസാൽഹി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസത്തെ പരിപാടിയിൽ വിപുലമായ പ്രാദേശിക, അന്തർദേശീയ പങ്കാളിത്തമാണുള്ളത്. പൊതു, സ്വകാര്യ മേഖലകളിലെ പ്രധാന പങ്കാളികളുടെ സഹകരണത്തോടെ ആരോഗ്യമന്ത്രാലയമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
അറിവ് കൈമാറ്റം ചെയ്യുന്നതിനും ആരോഗ്യസംരക്ഷണത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കുന്നതിനുമുള്ള പ്രധാന വേദിയായി എകസ്പോ നഗരി മാറും.
ഇന്ത്യ, കാനഡ, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാൻ, മലേഷ്യ, ദക്ഷിണ കൊറിയ, തായ്ലൻഡ്, തുർക്കിയ എന്നിവിടങ്ങളിൽനിന്നുള്ള മെഡിക്കൽ സ്ഥാപനങ്ങൾ മേളയുടെ ഭാഗമായി പങ്കെടുക്കുന്നുണ്ട്. കാർഡിയോളജി, ന്യൂറോളജി, ഓങ്കോളജി, റീഹാബിലിറ്റേഷൻ, പീഡിയാട്രിക്സ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി സുൽത്താനേറ്റിലെ അവസരങ്ങൾ ഈ സ്ഥാപനങ്ങൾ പര്യവേക്ഷണം ചെയ്യുകയും അവരുടെ പ്രത്യേക ചികിത്സാസേവനങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. എക്സ്പോയിലെ ഇന്ത്യൻ പവിലിയൻ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ഒമാനിൽനിന്ന് കോയമ്പത്തൂർ ആയുർവേദിക് സെന്റർ, സകെയർ 24, സഹം ആയുർവേദ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾ തങ്ങളുടെ സേവനങ്ങളെയും പ്രവർത്തനങ്ങളെയും പരിചപ്പെടുത്തി മേളയുടെ ഭാഗമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

