ഫിഫ റാങ്കിങ്ങിൽ പിന്നോട്ടടിച്ച് ഒമാൻ
text_fieldsഒമാൻ ഫുട്ബാൾ ടീം
മസ്കത്ത്: ഫിഫ റാങ്കിങ്ങിൽ പിന്നോട്ടടിച്ച് ഒമാൻ. 76ാം സ്ഥാനത്ത്നിന്നും രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി 78ാം റാങ്കിലാണ് റെഡ് വാരിയേഴ്സ്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിറം മങ്ങിയ പ്രകടനമാണ് സുൽത്താനേറ്റിന് തിരിച്ചടിയായത്. പുതിയ റാങ്കിങ് പട്ടികയിൽ 16.73 പോയിന്റാണ് കുറഞ്ഞത്.
ലോകകപ്പ് യോഗ്യത റൗണ്ടിൽ പുതിയ കോച്ചിനു കീഴിൽ പുത്തൻ കുതിപ്പുമായി കുവൈത്തിനെതിരെ തുടങ്ങിയിരുന്നുവെങ്കിലും തൊട്ടടുത്ത മത്സരത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ജോർഡനെതരെ നടന്ന മത്സരത്തിൽ ഏക പക്ഷീയമായ നാല് ഗോളിനാണ് അടിയറവു പറഞ്ഞത്. ഇതോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ അടുത്ത റൗണ്ടിലേക്ക് ഗ്രുപ്പിൽനിന്ന് നേരിട്ട് യോഗ്യത നേടുക എന്ന സ്വപ്നത്തിനും തിരിച്ചടിയായി.
കഴിഞ്ഞ മത്സരത്തിലുടനീളം പന്തടക്കത്തിലും പാസിങിലും കൃത്യതയിലുമെല്ലാം മികച്ചു നിന്നെങ്കിലും പ്രതിരോധവും മുന്നേറ്റനിരയും നിറം മങ്ങിയതാണ് തിരിച്ചടിയായത്. നവംബർ 14ന് മസ്കത്തില് ഫലസ്തീനെതിരെയാണ് ഒമാന്റെ അടുത്ത മത്സരം. 19ന് ഇറാഖിനെയും നേരിടും. പിന്നീട് അടുത്ത വര്‍ഷം മാര്‍ച്ച്, ജൂണ്‍ മാസങ്ങളിലാണ് ഒമാന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍.

