ഒമാൻ ഹജ്ജ് സംഘങ്ങൾ പുണ്യഭൂമികളിൽ എത്തിത്തുടങ്ങി
text_fieldsഒമാനിൽനിന്നുള്ള ഹജ്ജ് സംഘം മദീനയിൽ
മസ്കത്ത്: ഈ വർഷത്തെ ഹജ്ജിനുള്ള ഒമാനിൽനിന്നുള്ള തീർഥാടക സംഘങ്ങൾ കഴിഞ്ഞ ദിവസം മുതൽ പുണ്യഭൂമികളിൽ എത്തിത്തുടങ്ങി. ഹജ്ജ് കമ്പനികളുമായി സഹകരിച്ച് ഒമാനി ഹജ്ജ് മിഷൻ ആവിഷ്കരിച്ച പദ്ധതിക്കനുസൃതമായി സുൽത്താനേറ്റിൽനിന്ന് റോഡ് മാർഗമുള്ള മദീനയിലെത്തുന്ന തീർഥാടകരുടെ വരവ് പൂർത്തിയായി.
വിമാനം വഴി തീർഥാടകർ വരും ദിവസങ്ങളിലും മദീനയിലെത്തും. മദീനയിലെത്തിയ തീർഥാടകർക്ക് സേവനങ്ങൾ നൽകാൻ ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഒമാനി ഹജ്ജ് മിഷൻ വൈസ് ചെയർമാൻ അബ്ദുൽ അസീസ് ബിൻ സൗദ് അൽ ഗാഫിർ ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിൽനിന്നുള്ള ഒരു പ്രതിനിധി സംഘം തീർഥാടകരുടെ താമസസ്ഥലങ്ങളിലെത്തി പഠനക്ലാസുകളും നൽകുന്നുണ്ട്. ഹജ്ജ് കമ്പനികളുടെ മേൽനോട്ടം വഹിക്കുന്ന മറ്റൊരു പ്രതിനിധിസംഘം തീർഥാടകരുമായി കരാർ ഒപ്പിട്ട കമ്പനികളുടെ പ്രതിബദ്ധത പരിശോധിക്കാൻ തീർഥാടകരെ സന്ദർശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ഒമാനിൽനിന്ന് ആകെ14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. ഇതിൽ 13,500പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒമാനിൽനിന്നുള്ള മലയാളി സംഘം കഴിഞ്ഞ വെള്ളിയാഴ്ച വിശുദ്ധകർമത്തിനായി മക്കയിലേക്ക് തിരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

