മസ്കത്ത്: ഒമാൻ തീരങ്ങളിൽ തിങ്കളാഴ്ചയും ഭീമൻ തിരമാലകൾ ആഞ്ഞടിച്ചു. സ്വെൽ വേവ് സ് അഥവാ കള്ളക്കടൽ പ്രതിഭാസത്തിെൻറ ഭാഗമായാണ് തിരമാലകൾ രൂപപ്പെട്ടത്. മുസന്ദം, വടക്കൻ ബാത്തിന തീരമേഖലകളിൽ മറ്റിടങ്ങളെ അപേക്ഷിച്ച് ശക്തമായ തിരമാലകളാണ് അടിച്ചത്. തിങ്കളാഴ്ച അനുഭവപ്പെട്ട തിരമാലകൾ ‘വായു’ കാറ്റിെൻറ ഫലമല്ലെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങുന്ന ‘വായു’വിെൻറ ശക്തി കുറഞ്ഞതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചയും ഒമാെൻറ വിവിധ ഭാഗങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത്.
49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ സുനൈനയിലാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഇബ്രിയിൽ 48 ഡിഗ്രിയും ഗാബ, ഉമ്മു സമായെം, ഹൈമ, മഖ്ഷെൻ, ബുറൈമി എന്നിവിടങ്ങളിൽ 47 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. സമാഇൗൽ, ദിമ അൽ വാതായേൻ, മുഖൈസിന എന്നിവിടങ്ങളിൽ 46 ഡിഗ്രിയായിരുന്നു ചൂട്. അതേസമയം മസ്കത്തിൽ 37 ഡിഗ്രി മാത്രമായിരുന്നു തിങ്കളാഴ്ച അനുഭവപ്പെട്ടത്. അന്തരീക്ഷത്തിലെ ഉയർന്ന ഇൗർപ്പത്തിെൻറ സാന്നിധ്യമാണ് താപനില കുറയാൻ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് പറഞ്ഞു. 40 മുതൽ 90 ശതമാനംവരെയാണ് മസ്കത്തിലെ അന്തരീക്ഷത്തിൽ ഇൗർപ്പത്തിെൻറ അളവ്. സലാലയിൽ ഇത് 80 മുതൽ 90 ശതമാനം വരെയാണ്. ഇന്ന് ദാഖിലിയ, ശർഖിയ ഗവർണേററ്റുകളിലാകും ഉയർന്ന ചൂട് അനുഭവപ്പെടുകയെന്നും കാലാവസ്ഥ കേന്ദ്രം വക്താവ് പറഞ്ഞു.