പൗരാണികതയുടെ പ്രൗഢി വിളിച്ചോതി ഹറാത്ത് അൽ ബിലാദ്
text_fieldsമസ്കത്ത്: ഒമാെൻറ പൗരാണികതയുടെയും സാംസ്കാരിക പൈതൃകത്തിെൻറയും പ്രൗഢി വിളിച്ചോതുന്ന സ്മാരകമായി ഇപ്പോഴും തല ഉയർത്തി നിൽക്കുകയാണ് മനാ വിലായത്തിലെ ഹറാത്ത് അൽ ബിലാദ് എന്ന ഗ്രാമം. നൂറ്റാണ്ട് പഴക്കമുള്ള 376 വീടുകളും 250 ഒാളം കിണറുകളും ഹറാത്തിൽ ഇപ്പോഴുമുണ്ട്. ഒമ്പതു നൂറ്റാണ്ടുകൾക്കുമുമ്പ് ജീവിച്ച ഒമാനി വാസ്തു ശിൽപ, കരകൗശല വിദഗ്ധരുടെ കരവിരുതുകൾ വിളിച്ചോതുന്നതാണ് ഹറാത്തിലെ ചുവരുകളും മതിലുകളും. ഇവ ഇേപ്പാഴും സൂക്ഷ്മതയോടെ സംരക്ഷിക്കുന്നുമുണ്ട്.
ക്രിസ്താബ്ദം 11ാം നൂറ്റാണ്ടിലാണ് ഹറാത്ത് അൽ ബിലാദ് രൂപമെടുക്കുന്നത്. ആദ്യകാല താമസക്കാരനായ ശൈഖ് നജാദ് ബിൻ ഇബ്റാഹീം എന്ന പണ്ഡിതനാണ് യമാനിയ ക്വാർട്ടർ എന്ന പേരിലെ ഇൗ നാഗരികത വളർത്തിയെടുക്കുന്നത്. മനാ ഫോർട്രസ്, ഫോർട്രസ് ബിൻ നജാദ് എന്നിങ്ങനെ വിവിധ പേരുകളിൽ ഹറാത്ത് അൽ ബിലാദ് അറിയപ്പെടുന്നുണ്ട്. ഇസ്ലാമിക കർമശാസ്ത്ര വിജ്ഞാനീയങ്ങൾ അടക്കം നിരവധി ഗ്രന്ഥങ്ങൾ ഇവിടത്തുകാർ എഴുതിയിട്ടുണ്ട്. ചരിത്ര ഗവേഷകനായ ഖൽഫാൻ ബിൻ സാലിം അൽ ബുസൈദി രചിച്ച ‘മനയിലെ ജനങ്ങളുടെ സംഭാവനകളും മഹത്വവും’എന്ന പുസ്തകത്തിൽ ഇവിടത്തുകാരുടെ വൈജ്ഞാനിക രീതികൾ വിവരിക്കുന്നുണ്ട്.
മനാ വിലായത്തിെൻറ മധ്യ ഭാഗത്താണ് ഹറാത്ത് ഗ്രാമമുള്ളത്. ഹറാത്ത് ഗ്രാമത്തിലെത്തുന്ന സന്ദർശകരെ എതിരേൽക്കുന്നത് സുപ്രഭാത കവാടം എന്ന പ്രധാന കവാടമാണ്. ഇത് പ്രധാന മാർക്കറ്റിനോടനുബന്ധിച്ചാണുള്ളത്. ബാബുൽ ഖസബ്, ബാബുൽ നസ്ർ, ബാബ് അൽ റൗദ, ബാബുൽ ബുർജ്, ബാബുൽ ദുആജൈൻ തുടങ്ങിയ മറ്റു കവാടങ്ങളും കാണാം. ഹറാത്തിെന ശത്രുക്കളിൽനിന്ന് രക്ഷിക്കാൻ ഗ്രാമത്തിന് ചുറ്റും മതിലുകൾ പണിതിട്ടുണ്ട്. ശത്രുക്കളിൽനിന്ന് രക്ഷനേടാനുള്ള പ്രധാന കവചമായ മതിലുകളെ ജനങ്ങൾ സംരക്ഷിച്ചിരുന്നു. അതോടൊപ്പം, ശത്രുക്കളെ നിരീക്ഷിക്കാൻ വിവിധ ഭാഗങ്ങളിലായി നിരവധി ടവറുകളും പണിതിട്ടുണ്ട്.
ഹറാത്തിൽ നാലു പുരാതന മസ്ജിദുകളും കാണാം. അൽ അലി, അൽ െഎൻ, അൽ ശാറാ, അൽ റഹ്ബ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഇറ്റലിയിലെ വെനീസ് യൂനിവേഴ്സിറ്റിയിലെ അറബിക് വിഭാഗം പ്രഫസറായിരുന്ന ഇറോസ് ബാൽഡിസറ എഴുതിയ ‘ഒമാനി പുരാതന മസ്ജിദുകളുടെ കുറിപ്പുകൾ’ എന്ന പുസ്തകത്തിൽ മലി മസ്ജിദ് 909 ഹിജ്റ വർഷത്തിലും അൽ െഎൻ മസ്ജിദ് ഹിജ്റ 911ലും അൽ ശാറ മസ്ജിദ് 922 ഹിജ്റ വർഷത്തിലും നിർമിച്ചതാണെന്നു പറയുന്നുണ്ട്. അൽ ഹറാത്ത് വിലായത്തിലെ സാംസ്കാരിക പൈതൃകങ്ങൾ കാത്തു സൂക്ഷിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഒമാൻ പൈതൃക, സാംസ്കാരിക മന്ത്രാലയം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതായി ദാഖിലിയ ഗവർണറേറ്റ് ഡയറക്ടർ അഹ്മദ് അൽ തമീമി പറയുന്നു. മന്ത്രാലയത്തിെൻറ പ്രത്യേക നിരീക്ഷണത്തിൽ 2008 ലാണ് അൽ ഹറാത്തിെൻറ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തകർന്ന വീടുകളുടെയും മസ്ജിദുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് നടന്നത്. 2016 അവസാനത്തിലാണ് അൽ ഹറാത്തിെൻറ പുനർ നിർമാണം പൂർത്തിയായത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
