മസ്കത്ത്: പശ്ചിമേഷ്യയും ഉത്തരാഫ്രിക്കയും ഉൾക്കൊള്ളുന്ന ‘മെന’ മേഖലയിൽ ഏറ്റവും സമാധാനമുള്ള അഞ്ചു രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒമാനും.
സിഡ്നി കേന്ദ്രമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ ഇൗ വർഷത്തെ ആഗോള സമാധാന സൂചികയിൽ കുവൈത്ത് ആണ് ‘മെന’ മേഖലയിൽ ഒന്നാമത്.
ഒമാന് അഞ്ചാം സ്ഥാനമാണ്. യു.എ.ഇ, ഖത്തർ, മൊറോക്കോ എന്നിവയാണ് രണ്ടു മുതൽ നാലുവരെ. തുനീഷ്യ, ജോർഡൻ, അൽജീരിയ, സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ആറുമുതൽ പത്തുവരെ സ്ഥാനത്ത് ഇടം പിടിച്ചു. 163 രാഷ്ട്രങ്ങളടങ്ങിയ പട്ടികയിൽ ഒമാന് ആഗോളതലത്തിൽ 73ാം സ്ഥാനമാണുള്ളത്. 2017ലെ പട്ടികയിൽനിന്ന് ഒമാൻ മൂന്നു സ്ഥാനങ്ങൾ താഴേക്കിറങ്ങിയിട്ടുണ്ട്. കുവൈത്തിന് ആഗോളതലത്തിൽ 42ാം സ്ഥാനമാണുള്ളത്. യു.എ.ഇ 45ാമതും ഖത്തർ 56ാമതും സൗദി 129ാമതും ബഹ്റൈൻ 130ാം സ്ഥാനത്തുമുണ്ട്. 2017ൽ ഖത്തറായിരുന്നു ‘മെന’ മേഖലയിലെ സമാധാനാന്തരീക്ഷമുള്ള രാഷ്ട്രം. കുവൈത്ത്, യു.എ.ഇ, തുനീഷ്യ എന്നിവയായിരുന്നു അന്ന് രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിൽ.
ഏറ്റവും പുതിയ സൂചികയിൽ ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാഷ്ട്രമെന്ന ഖ്യാതി െഎസ്ലൻഡ് നിലനിർത്തി. 2008 മുതൽ െഎസ്ലൻഡ് ആണ് പ്രഥമ സ്ഥാനം നിലനിർത്തിവരുന്നത്. ന്യൂസിലൻഡ്, ഒാസ്ട്രിയ, പോർച്ചുഗൽ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങൾ നിലനിർത്തി. സിറിയയാണ് ലോകത്ത് ഒട്ടും സമാധാനമില്ലാത്ത രാഷ്ട്രം.
അഫ്ഗാനിസ്താൻ, തെക്കൻ സുഡാൻ, ഇറാഖ്, സോമാലിയ, യമൻ എന്നിവയാണ് അവസാന സ്ഥാനങ്ങളിലുള്ളത്. ഇന്ത്യക്ക് 137ാം സ്ഥാനമാണുള്ളത്. 2017നെ അപേക്ഷിച്ച് ഇന്ത്യ നാലുസ്ഥാനങ്ങൾ മുന്നിലെത്തിയിട്ടുണ്ട്. സാമൂഹിക സുരക്ഷിതത്വവും ഭദ്രതയും, പ്രാദേശികവും അന്തർദേശീയവുമായ സംഘങ്ങൾ, സായുധവത്കരണം എന്നിവയാണ് സൂചിക തയാറാക്കുന്നതിന് പ്രധാനമായി ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ.
മൊത്തം 23ഒാളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ആഗോള സമാധാന സൂചിക. ലോകത്തിലെ സമാധാനന്തരീക്ഷം മോശമായതായി സൂചികയിലെ ഫലങ്ങൾ കാണിക്കുന്നു. തുടർച്ചയായ നാലാം വർഷമാണ് സമാധാനന്തരീക്ഷം മോശമാകുന്നത്. 92 രാജ്യങ്ങളിലെ സമാധാനാന്തരീക്ഷം മോശമായപ്പോൾ 71 രാഷ്ട്രങ്ങളിലേത് മെച്ചപ്പെട്ടു.
ലോകരാഷ്ട്രങ്ങളിൽ പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ കഴിഞ്ഞ ദശാബ്ദത്തിൽ ഉയർന്നുവന്ന സംഘർഷങ്ങളും തർക്കങ്ങളും പ്രതിസന്ധികളും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് സൂചികയുടെ ഭാഗമായി പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. സമാധാനന്തരീക്ഷം ക്രമമായി കുറയാൻ ഇത് കാരണമായിട്ടുണ്ട്.